pol

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾ സജീവമാകുമ്പോൾ, കേരളത്തെ ഉദ്വേഗമുനയിൽ നിറുത്തുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം.

ഇ.ഡിയുടെ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ട് മുന്നേറുകയാണെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. എം.ശിവശങ്കറിൽ നിന്ന് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിലേക്ക് ഇ.ഡി ചൂണ്ടയെറിഞ്ഞുകഴിഞ്ഞു. 17ന് ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചാലും ഇല്ലെങ്കിലും രവീന്ദ്രനിലേക്ക് നീങ്ങുകയാണ് അന്വേഷണത്തിന്റെ ഗതി.

എന്നാൽ, ശിവശങ്കറിന് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്ന സ്വപ്നയുടെ മൊഴി അവഗണിക്കാനാകുമോയെന്ന കോടതിയുടെ ചോദ്യം ശിവശങ്കറിനെയും സർക്കാരിനെയും അസ്വസ്ഥമാക്കുന്നു.

ഇ.ഡിയുടേത് അന്വേഷണ നാടകമാണെന്നും അതിനുപിന്നിൽ സർക്കാരിനെ കരിവാരിത്തേയ്ക്കാനുള്ള തിരക്കഥ ബോധപൂർവ്വമൊരുക്കി രാഷ്ട്രീയ പുകമറ സൃഷ്ടിക്കാനുള്ള ബി.ജെ.പി തന്ത്രമുണ്ടെന്നും യു.ഡി.എഫ് അതിനു കുഴലൂതുകയാണെന്നും പ്രചാരണം നടത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുശ്രമം.

16ന് നടത്തുന്ന ജനകീയപ്രതിരോധം ഇതിന്റെ ആദ്യപടിയാണ്. രാഷ്ട്രീയമായി പ്രതിരോധത്തിലാണെങ്കിലും ശബരിമല യുവതീപ്രവേശന വിധി സൃഷ്ടിച്ചത് പോലൊരു സാഹചര്യം ഇപ്പോഴില്ലെന്ന് സി.പി.എം വിലയിരുത്തുന്നു. പ്രാദേശികമായി ഇടതു ജനപ്രതിനിധികളും സന്നദ്ധസേന വോളണ്ടിയർമാരുമടക്കം കൊവിഡ് പ്രതിരോധകാലത്ത് നടത്തിയ ജനകീയ ഇടപെടൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സമൂഹ അടുക്കളയും ഭക്ഷ്യകിറ്റ് വിതരണവുമടക്കമുള്ള സേവനങ്ങളും ഗുണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇ.ഡിയുടെ 'വരിഞ്ഞുമുറുക്കൽ' സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വരുത്തിവച്ച പ്രതിച്ഛായാനഷ്ടം മറികടക്കുക ഇടതുമുന്നണിക്ക് എളുപ്പമാകില്ലെന്നാണ് പ്രതിപക്ഷം കരുതുന്നത്. താഴെത്തട്ടിൽ വരെ കോൺഗ്രസ് പ്രവർത്തനം സജീവമാക്കിയതും പുതിയ രാഷ്ട്രീയ കാലാവസ്ഥ മുതലെടുക്കാനാണ്. പക്ഷേ, മുസ്ലിംലീഗ് എം.എൽ.എയായ കെ.എം. ഷാജിക്കു മേൽ ഇ.ഡി വലവിരിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഇ.ഡിയുടെ 'ടവർ' പരിധിയിലാണ്. ജുവലറി നിക്ഷേപ തട്ടിപ്പിൽ ലീഗിന്റെ എം.സി. ഖമറുദ്ദീൻ എം.എൽ.എ പൊലീസിന്റെ പിടിയിലായതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. ഖമറുദ്ദീനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം ഹൈക്കോടതി തള്ളിയത് തിരിച്ചടിയായി.

ബി.ജെ.പിക്ക് ഈ അങ്കം വലിയ രാഷ്ട്രീയപരീക്ഷണമാണ്. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടാക്കുന്ന 'ഫല'ത്തെ അവരുടെ കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നതാണ് കാരണം.