akr

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തിയുള്ള അക്രമത്തിനിടെ നിയമസഭയിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായിരുന്ന കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ എന്നിവർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിടുതൽ ഹർജി നൽകി. മറ്റൊരു പ്രതിയായ മുൻ എം.എൽ.എ വി.ശിവൻ കുട്ടി ഹർജി ഫയൽ ചെയ്യാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു.

തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് ശരിയായി അന്വേഷിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം നൽകിയതെന്നും, കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് യാതൊരു അധികാരവുമുണ്ടായിരുന്നില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. സ്പീക്കറുടെ അനുമതിയോ സഭയുടെ പ്രമേയമോ ഇല്ലാതെ പൊലീസിന് സഭയ്ക്കുളളിൽ നടക്കുന്ന കാര്യത്തിൽ കേസെടുക്കാനാവില്ല. കോടതിൽ ഹാജരാക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ യഥാർത്ഥത്തിലുളളതല്ല.യഥാർത്ഥ ദൃശ്യങ്ങൾ പകർത്താൻ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. പ്രതിപക്ഷത്തെ വനിതാ സാമാജികരെ അന്നത്തെ ഭരണപക്ഷം ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടും, അന്വേഷണ ഉദ്യോഗസ്ഥൻ അവരുടെ മൊഴിയെടുക്കാതെ നടത്തിയതാണ് അന്വേഷണമെന്നും ഹർജിക്കാർ ആരോപിക്കുന്നു. കെ.കെ.ലതിക, ജമീല പ്രകാശം എന്നിവരുടെ സ്വകാര്യപരാതിയിൽ കോടതി കേസെടുത്തതും ഹർജിയിൽ പറയുന്നു. കേസ് വീണ്ടും 25 ന് പരിഗണിക്കും.