കൊടുങ്ങല്ലൂർ: കഞ്ചാവ് കേസുകളിലെ പ്രതി എക്‌സൈസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടു. ചാവക്കാട് പൂക്കോട് സ്വദേശി പുതുവീട്ടിൽ മുഹമ്മദാലിയുടെ മകൻ മനാഫ് (40) ആണ് വ്യാഴാഴ്ച പുലർച്ചെ കൊടുങ്ങല്ലൂർ റേഞ്ച് എക്‌സൈസ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി ഇയാളെ എക്‌സൈസ് സംഘം അഴീക്കോട് നിന്നും പിടികൂടിയത്.
പ്രതിയെ വിലങ്ങ് വച്ചായിരുന്നു എക്‌സൈസ് ഓഫീസിൽ സൂക്ഷിച്ചിരുന്നത്. പുലർച്ചെ 2.30ന് മൂത്രമൊഴിക്കാൻ വിലങ്ങ് അഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടർന്ന് വിലങ്ങ് അഴിച്ച ഉടൻ എക്‌സൈസുകാരനെ ആക്രമിക്കുകയും ഓഫീസ് പ്രവർത്തിക്കുന്ന മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.
മുകളിൽ നിന്നും ചാടിയ പ്രതി താഴെ കിടന്നിരുന്ന കാറിന്റെ മുകളിലേക്കാണ് വീണത്. തുടർന്ന് കാറിന്റെ ഗ്ലാസുകൾ പൊട്ടുകയും ചില്ല് പ്രതിയുടെ ദേഹത്ത് തറക്കുകയും ചെയ്തിരുന്നു. മനാഫ് കഴിഞ്ഞ ഏതാനും വർഷങ്ങളായി എറിയാട് ഗ്യാലക്‌സി ഓഡിറ്റോറിയം പരിസരത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ഇയാളുടെ പേരിൽ കൊടുങ്ങല്ലൂരിലും മറ്റിടങ്ങളിലുമായി നിരവധി കേസുകൾ നിലവിലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.