girijakumari-1

പാറശാല:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുറിച്ചിട്ട മരം ദേഹത്ത് വീണ് മരിച്ച പുതിയ ഉച്ചക്കട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സി.ഡി.എസ് ചെയർപേഴ്‌സണുമായ ഗിരിജാകുമാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം പാറശാല താലൂക്ക് ആശുപത്രിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കാരോട് പഞ്ചായത്തിന് മുന്നിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് ഉച്ചക്കടയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം ബഥേൽ ഹൗസിലെത്തിച്ചപ്പോൾ മക്കളും ബന്ധുക്കളും വാവിട്ടുകരഞ്ഞു. കെ. ആൻസലൻ എം.എൽ.എ, മുൻ എം.എൽ.എ ആർ. സെൽവരാജ്, ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, കാരോട്, കുളത്തൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ സൗമ്യ ഉദയൻ, ബെൽസി ജയചന്ദ്രൻ, കെ.പി.സി സെക്രട്ടറി ആർ. വത്സലൻ, എസ്. ഉഷാകുമാരി തുടങ്ങിയവർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.