sec

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന നിലപാടിൽ ഉറച്ച് ഫോറൻസിക് വിഭാഗം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രാസപരിശോധനാ റിപ്പോർട്ടിലും ഇതേ നിലപാടാണ് ഫോറൻസിക് സ്വീകരിച്ചത്.

തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസിലെ 42 ഇനം തൊണ്ടിമുതൽ ഫോറൻസിക് വിഭാഗം കോടതിയിൽ മടക്കി നൽകി.ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന്റെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഫിസിക്സ് ലാബ് നടത്തിയ പരിശോധനയിൽ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വ്യക്തമാക്കി കോടതിയിൽ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. കെമിസ്ട്രി വിഭാഗത്തിന്റെ പരിശോധനാ ഫലമാണ് ഇന്നലെ ഹാജരാക്കിയത്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ശേഖരിച്ച തൊണ്ടി മുതലിൽ സീലിംഗ് ഫാനുകൾ,ചുമരിൽ സ്ഥാപിക്കുന്ന ഫാനുകൾ, കമ്പ്യൂട്ടറുകൾ, എ.സി യുടെ ഭാഗങ്ങൾ,കത്തിയ ഫയലിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റ് 25 ന് സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാരിന്റെ വാദം..