വടക്കെക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫൂറ ആത്മഹത്യക്ക് ശ്രമിച്ചു. വ്യവസായ പ്രമുഖനായ തടാകം കുഞ്ഞുമുഹമ്മദ്, ഇടതുപക്ഷ നേതാക്കളായ ഷംസു മാരാത്ത്, മാസ് മുഹമ്മദാലി എന്നിവരുടെ നിരന്തരമായ മാനസിക പീഡനമാണ് സഫൂറയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുൽ അലി, മണ്ഡലം പ്രസിഡന്റ് അജയകുമാർ, വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ എന്നിവർ ആരോപിച്ചു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ സഫൂറ ചികിത്സയിലാണ്. വടക്കെക്കാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സഫൂറയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.