കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് റംസി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നീളുന്നതിൽ ആശങ്കയോടെ കുടുംബം. റംസിയെ പീഡനത്തിനും ഗർഭച്ഛിദ്രത്തിനും ഇരയാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത സീരിയൽ നടി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റും ചോദ്യം ചെയ്യലും നീളുകയാണ്.
ഇത് സംബന്ധിച്ച ആശങ്ക ക്രൈം ബ്രാഞ്ചുമായി പങ്കുവച്ചതായി റംസിയുടെ പിതാവ് റഹിം വെളിപ്പെടുത്തി. സീരിയൽ നടി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച അപ്പീൽ ഹർജിയിൽ തീരുമാനം വൈകുകയാണ്. ഈമാസം പതിനൊന്നിന് മുൻപ് വിശദീകരണം നൽകാൻ നടിയുൾപ്പെടെയുള്ളവർക്ക് കോടതി സമയം അനുവദിച്ചിരുന്നു. ഹൈക്കോടതിയിൽ പ്രതിഭാഗം വിശദീകരണം സമർപ്പിച്ചെങ്കിലും കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നില്ല.
ഇന്നോ വരുന്ന ആഴ്ചയോ കേസ് പരിഗണിച്ചേക്കുമെന്നാണ് അന്വേഷണ സംഘം റംസിയുടെ കുടുംബത്തോട് വെളിപ്പെടുത്തിയത്. കേസിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന് നടിയുൾപ്പെടെയുള്ളവരെ കാലതാമസം കൂടാതെ ചോദ്യം ചെയ്യേണ്ടതുണ്ട്. അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കോടതി തീരുമാനത്തിന് വിധേയമായേ അന്വേഷണ സംഘത്തിന് നിലപാടെടുക്കാൻ കഴിയൂ.
പ്രതികളെ ചോദ്യം ചെയ്യുന്നതിനും അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഇത് തടസമാകുന്നതെങ്കിലും കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സ്വന്തം നിലയ്ക്കുള്ള തെളിവുകളും സാക്ഷിമൊഴികളും ഇപ്പോഴും ശേഖരിച്ച് വരികയാണ്. കേസിലെ ഒന്നാംപ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചതോടെ അതിനെതിരെയും ക്രൈംബ്രാഞ്ച് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഹാരിസിന്റെ മാതാവ് ആരിഫാബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.