തിരുവനന്തപുരം: ഓൺലൈൻ വഴി ബുക്ക് ചെയ്‌ത ലാപ്‌ടോപ്പ് അമേരിക്കയിൽ നിന്ന് കൊറിയറായി അയച്ചുനൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 3.20 ലക്ഷം രൂപ തട്ടിയെടുത്തു. ഇ കോമേഴ്‌സ് സൈറ്റിലൂടെ ലാപ്‌ടോപ്പ് ബുക്ക് ചെ‌യ്ത തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്.കൊറിയറിലൂടെ അയച്ചു നൽകാമെന്ന് പറഞ്ഞ് ലാപ്‌ടോപ്പിന്റെ വിലയായ 3.22 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. പണം നിക്ഷേപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ലഭിച്ചില്ലെന്നാണ് പരാതി. കൂടുതൽ തുക നൽകിയാലെ ലാപ്‌ടോപ്പ് നൽകൂവെന്ന് ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ യുവാവ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിൽ നിരവധി ഐ.ടി. പ്രൊഫഷണുകൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയാണ് സമാനരീതിയിൽ നഷ്ടമായത്. ഇ കൊമേഴ്‌സ് സൈറ്റുകൾ, ജോബ് വെബ്‌സൈറ്റുകൾ വഴി സാമ്പത്തികതട്ടിപ്പ് വർദ്ധിച്ചു വരുന്നതായും ഓൺലൈനിലൂടെ പണം കൈമാറ്റം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും സിറ്റി സൈബർ ക്രൈം എ.സി.പി. ടി. ശ്യാംലാൽ അറിയിച്ചു.