kunchako

ചോക്ളേറ്റ് താരമായി എത്തി, മലയാളത്തിന്റെ സ്വന്തം കടുംബനായകനായി മാറിയ നടനാണ് ചാക്കോച്ചൻ. ലോക്ക്ഡൗൺ കാലത്തും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ,ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള തന്റെ യാത്രയെ കുറിച്ചാണ് താരം പറയുന്നത്. ജോലിയ്ക്ക് പോവുന്നത് കോളേജിൽ പോവുന്നതുപോലെയാണ് എന്ന കമന്റോടെയാണ് ബൈക്കിൽ ലൊക്കേഷനിലേക്കുള്ള തന്റെ യാത്രാചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. "അതിന് താങ്കൾ കോളേജിൽ പോയിട്ടുണ്ടോ" എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. "വായ്‌നോക്കാൻ പോയിട്ടുണ്ട..." എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി. താരത്തിന്റെ കമന്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്കെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റെന്ന റെക്കാഡും ചാക്കോച്ചൻ സ്വന്തമാക്കി. 'നിറം', 'കസ്തൂരിമാൻ', 'സ്വപ്നക്കൂട്', 'ദോസ്ത്', 'നക്ഷത്രത്താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യക്കാലത്ത് ഒരു ചോക്ക്‌ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.