ameerkahn-

 ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് ഒരു വർഷത്തിന് ശേഷം

 ആണി തറച്ച വടികൊണ്ട് യുവാക്കളെ ആക്രമിച്ച സംഘത്തിലെ പ്രധാനി

കൊല്ലം: കഴിഞ്ഞ വർഷം തഴുത്തലയിലെ ഓണാഘോഷത്തിനിടെ യുവാക്കളെ ആണി തറച്ച വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയെ ഒരു വർഷത്തിന് ശേഷം പിടികൂടി. മൈലാപ്പൂർ പ്ലാവിള വീട്ടിൽ അമീർഖാനാണ് (26) കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

തഴുത്തലയിലെ ക്ലബ് നടത്തിയ ഓണാഘോഷം അലങ്കോലപ്പെടുത്തിയ ശേഷം ക്ലബ് ഭാരവാഹികളും പ്രദേശവാസികളുമായ സന്തോഷ്, വിനോദ് എന്നിവരെയാണ് അമീർഖാൻ ഉൾപ്പെടെ മൂന്ന് പേർ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ അമീർഖാൻ വിവിധ സ്ഥലങ്ങളിൽ ജോലികൾ ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയാണ് അമീർഖാൻ. മൂന്നാം പ്രതി അന്വേഷണ കാലയളവിൽ ആത്മഹത്യ ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമീർഖാനെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.