mmm

കൊല്ലം: സ്വർണ വ്യാപാരിയെ കബളിപ്പിച്ച് 1.25 കോടി രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശി ഫൈസൽ (41) അറസ്റ്റിൽ. രണ്ടുവർഷം മുൻപാണ് ആസൂത്രിതമായ തട്ടിപ്പ് നടന്നത്. ഫൈസലിന്റെ സുഹൃത്തും എറണാകുളം കാക്കനാട് സ്വദേശിയുമായ യുവാവിന്റെ പേരിലുള്ള എട്ടേക്കർ സ്ഥലം ഈടുവച്ച് പത്തുകോടി രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇതിന്റെ കമ്മിഷനായി 1.25 കോടി രൂപ മുൻകൂറായി വാങ്ങി. പണം കൈമാറിയ ശേഷം ഫൈസലിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നതോടെ സ്വർണവ്യാപാരി കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് വിവരങ്ങൾ അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഫൈസലിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ടിൽ ഫൈസലിനെ തടഞ്ഞുവച്ചു.

കൊല്ലത്ത് നിന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 1.25 കോടി രൂപയിൽ നിന്ന് അരകോടിയോളം രൂപ മറ്റ് ചിലർക്കായി നൽകിയെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. തട്ടിപ്പിൽ മറ്റ് നാലുപേർ‌ക്ക് കൂടി പങ്കുള്ളതായി ബോദ്ധ്യപ്പെട്ടതിനാൽ അവർക്കായും അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.