കല്ലമ്പലം: റോഡ് പണിക്കായി ഇറക്കിയ പാറ ഒരു മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യുകയോ പണി തുടങ്ങുകയോ ചെയ്യാത്തത് നാട്ടുകാർക്ക് പാരയായി. നാവായിക്കുളം പഞ്ചായത്തിലെ കപ്പാംവിള കിടത്തിച്ചിറ റോഡിനാണ് ഈ ദുർഗതി. കരാറുകാരൻ മറ്രൊരു പണിചെയ്തു കൊണ്ടിരിക്കുകയാണെന്നും അത് കഴിഞ്ഞിട്ടേ ഈ റോഡിന്റെ പണി തുടങ്ങൂവെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് പണികൾ ആരംഭിച്ചേക്കും. നവീകരണം നടത്താതെ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടുത്തിടെയാണ് ടെൻഡറായത്. തുടർന്നാണ് കരാറുകാരൻ കുടവൂർ പാടശേഖരത്തിന് നടുക്കുകൂടി കടന്നുപോകുന്ന റോഡിന്റെ ഇരുവശവും കെട്ടുന്നതിനായി ലോഡുകണക്കിന് പാറയിറക്കിയത്. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും പണി തുടങ്ങിയില്ല. റോഡിലൂടെ ഇരുചക്രവാഹനത്തിനു പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയായി. റോഡ് തകർന്നതിനെ തുടർന്ന് നവീകരണത്തിനായി മുറവിളികൂട്ടിയ നാട്ടുകാർക്ക് പാറ കൂനിന്മേൽ കുരുവായി. അടിയന്തരമായി പാറ ഒരുവശത്തേക്ക് മാറ്റുകയോ റോഡ് പണി ആരംഭിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.