ayoor

കൊവിഡ് വ്യാപനം നിയന്ത്രണത്തിലായെങ്കിലും രോഗികളുടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായ അവസ്ഥയിലൊഴികെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ആയുർവേദ പദ്ധതികൾ ഇതിനകം തന്നെ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപ്പിലാക്കിയ പദ്ധതികൾ പ്രയോജനപ്പെടുകയും ചെയ്തു.

എന്നിരുന്നാലും,​ കൊവിഡിനൊപ്പം നമുക്ക് കുറച്ച് നാൾ സഞ്ചരിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. കാര്യമായ മറ്റ് രോഗങ്ങളില്ലാത്തവർക്ക് കൊവിഡ് അത്രയ്ക്ക് വില്ലനുമല്ല. അതിനാൽ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ശരീരബലം വർദ്ധിപ്പിച്ച് മാത്രമേ ഇത്തരം പകർച്ചവ്യാധികളോട് പോരാടി വിജയിക്കാനാകൂ എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഈ സാഹചര്യത്തിലാണ് ക്വാറന്റൈൻ കഴിയുന്നവർ ഉൾപ്പെടെ ആയുർവേദ ഔഷധങ്ങൾ ശരീരബലം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ കൊവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ തടയുന്നതിനും ഉപയോഗിക്കണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായത്.

ആയുർരക്ഷാ ക്ലിനിക്കുകൾ എന്ന പേരിൽ 1206 സ്ഥാപനങ്ങളിലൂടെ പ്രത്യേക കൊവിഡ് പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു. ശരീരബലം വർദ്ധിപ്പിച്ച് രോഗപ്രതിരോധം കൂട്ടുന്നതിനുള്ള ഔഷധങ്ങളും ചികിത്സയുമാണ് ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ലഭ്യമാകുന്നത്. 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം

'എന്ന കാഴ്ചപ്പാടോടെ കേരളീയർ അത് ഏറ്റെടുക്കുകയും ചെയ്തു.

സ്വാസ്ഥ്യം


മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ,ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കാനുള്ള ഇടപെടൽ നടത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റാനുള്ള മാർഗ്ഗങ്ങളാണ് ഉപദേശിക്കുന്നത്. ചുരുക്കത്തിൽ,​ രോഗമില്ലാത്ത ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിർത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. 60 വയസ്സ് വരെയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും മരുന്നിന്റെ ഉപയോഗം കുറച്ച് മറ്റ് ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

സുഖായുഷ്യം

പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടുന്നതും മരണത്തിന് കാരണമാകുന്നതും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്.കേരളത്തിൽ ആ പ്രായത്തിലുള്ളവർ കൂടുതലുമാണ്. ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടവർക്ക് രോഗപ്രതിരോധശേഷി പിന്നെയും കുറയും. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് കാരണം പലവിധ പകർച്ചവ്യാധികളും ഇനിയുമുണ്ടാകാം. അവയിൽ നിന്നെല്ലാം രക്ഷ നേടണമെങ്കിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. മാത്രമല്ല,​ നിലവിലുള്ള ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്.

അമൃതം


അന്യരാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കും പ്രാഥമിക സമ്പർക്കം കാരണം വീട്ടിലോ സർക്കാർ സെന്ററുകളിലോ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കോവിഡ് ബാധയേൽക്കാതെ രക്ഷനേടുന്ന വിധം പ്രതിരോധശേഷി ലഭിക്കുന്നതിന് മരുന്ന് നൽകുന്ന പദ്ധതിയാണിത്.

നിരാമയ


ഇപ്പോൾ പലവിധ കാരണങ്ങളാൽ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും കഴിയാത്തവരുണ്ട്. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ മുടങ്ങിപ്പോയവരുമുണ്ട്. ശാരീരിക പ്രയാസങ്ങൾക്കൊപ്പം മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമായി ഓൺലൈൻ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപനത്തിൽ നിന്ന് ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് നിരാമയ.

പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടി ഈ പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്.

പുനർജ്ജനി

കൊവിഡ് 19 പോസിറ്റീവ് ആയിരുന്നവർ,ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ നിരവധി രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് പുനർജ്ജനി പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനമാണ് ഈ പദ്ധതിയിൽ വിനിയോഗിക്കുന്നത്.

വിശ്രമവും

സമാധാനവും

കൊവിഡ് ബാധിതനായ ഒരാൾ സാധാരണയായി ഒരാഴ്ച മുതൽ പത്തു ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇവരിൽ യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തവർ മുതൽ ജലദോഷം, തൊണ്ടവേദന, പനി, രുചിയും മണവും അറിയായ്ക, ചുമ,കിതപ്പ്, ശ്വാസംമുട്ട്, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവരേയും കാണാം. ലക്ഷണങ്ങൾ എത്രമാത്രം എന്നതിനനുസരിച്ചുള്ള ഭക്ഷണവും വിശ്രമവും ചികിത്സയുമാണ് ഇവർക്ക് വേണ്ടത്. ദഹനത്തെ സഹായിക്കുന്നവ ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന അല്ലെങ്കിൽ ദഹനത്തിനനുസരിച്ച ഭക്ഷണവും ആവശ്യത്തിന് വിശ്രമവും ശരിയായ ഉറക്കവും മനസ്സമാധാനവും ചികിത്സകളും അനിവാര്യമാണ്. ആവശ്യത്തിനു വെള്ളം ഇടയ്ക്കിടെ കുടിക്കുകയും പഴവർഗ്ഗങ്ങൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. പാൽ,തൈര്, തണുത്ത ആഹാരങ്ങൾ തുടങ്ങിയവ പൊതുവേ ശ്വാസകോശരോഗങ്ങൾ വർദ്ധിപ്പിക്കുന്നവയും ഇഞ്ചി, ചുക്ക്, ജീരകം, മഞ്ഞൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്നവ ഇത്തരം രോഗങ്ങളെ കുറയ്ക്കുന്നവയുമാണ്. ഒരു ലക്ഷണവുമില്ലാത്തവർക്ക് അവർ ശീലിച്ചിട്ടുള്ള ഭക്ഷണം തുടരാവുന്നതാണ്. എന്നാൽ ഏതെങ്കിലും ഭക്ഷണം കഴിക്കുന്നത് ഏതെങ്കിലുമൊരു ലക്ഷണത്തെ ഉണ്ടാക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം.

ഗുരുതരമായ കരൾ, ഹൃദയം, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുമെന്ന് പറയേണ്ടതില്ലല്ലോ?

ലഘുവായ വ്യായാമവും, യോഗയും, ധ്യാനവും, മാനസിക ഉല്ലാസം നൽകുന്ന കളികളും, ജീവിത വിരക്തി തോന്നാത്തവിധമുള്ള കാര്യങ്ങളൊക്കെയും ചെയ്യാവുന്നതാണ്. എന്നാൽ പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കപ്പെട്ടേ മതിയാകൂ. ഇത്തരം ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടുപോയവർ അവ മാറ്റിയെടുക്കുവാൻ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്ന ദിനങ്ങളെ ഉപയോഗപ്പെടുത്തേണ്ടതാണ്.