നീലേശ്വരം: അണികൾ പല്ലും നഖവും കൊണ്ട് പ്രതിരോധം തീർത്തതോടെ നീലേശ്വരം നഗരസഭയിലേക്ക് കണ്ടെത്തിയ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനാർത്ഥികൾ ആശങ്കയിൽ. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്ന ടി.വി. ശാന്തയെ കുഞ്ഞിപ്പുളിക്കാൽ വാർഡിലും വൈസ് ചെയർമാനാകേണ്ട പി.പി. മുഹമ്മദ് റാഫിയെ ചിറപ്പുറത്തുമാണ് അണികൾ അംഗീകരിക്കാത്തത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തീയതിയും കുറിച്ചതോടെ ആകെക്കൂടി പൊല്ലാപ്പിലാണ് നേതൃത്വം. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ വൈസ് ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ ശാന്ത വഹിച്ചിരുന്നു. പ്രൊഫസർ ഭരിച്ച നഗരത്തിൽ വിദ്യാഭ്യാസം കുറഞ്ഞവർ വേണ്ടെന്നാണ് അണികളുടെ വാദം. ചെയർമാനായിരുന്ന പ്രൊഫ. കെ.പി. ജയരാജൻ ഈ വാർഡിൽ നിന്നാണ് ജയിച്ചിരുന്നത്. അദ്ദേഹത്തെ കൊണ്ട് വാർഡിന് ഒരു ഗുണവും കിട്ടിയില്ലെന്നും പുതിയ ചെയർപേഴ്സണും അതേപാതയിലാകുമെന്നും അണികൾ ആരോപിക്കുന്നു.
മുഹമ്മദ് റാഫി മറ്റൊരു വാർഡിൽ താമസിക്കുന്നതാണ് ചിറപ്പുറം സ്വദേശികളുടെ പ്രശ്നം. വാർഡിലുള്ളവർക്ക് പരിഗണന നൽകണമെന്നാണ് പാർട്ടി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചത്. എതിർപ്പ് രൂക്ഷമായാൽ റാഫി മത്സരത്തിൽ നിന്ന് പിന്മാറിയേക്കും. ഇതോടെ ജയരാജന്റെ സഹോദരൻ കെ.പി. രവീന്ദ്രൻ മത്സരിച്ച് വൈസ് ചെയർമാനാകാനും സാദ്ധ്യതയുണ്ട്. മറ്റ് വാർഡുകളിലെ സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറായി.