board

കുറ്റ്യാടി: ഇടതിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻമ്പേ ചുവരെഴുത്തുകളും സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളും ശക്തമാക്കി സി.പി.എം. ചിത്രങ്ങൾ സഹിതമുള്ള വോട്ട് അഭ്യർത്ഥന സാമൂഹ്യ മാദ്ധ്യമങ്ങളിലും ബോർഡുകളിലും ചുവരെഴുത്തുകളിലുമായി പ്രചരിക്കുകയാണ്. ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് ധാരണ പല ഇടങ്ങളിലും പൂർത്തിയായിട്ടില്ല. ജെ.ഡി.എസ്, എൽ.ജെ.ഡി, സി.പി.ഐ സീറ്റുകളിൽ ചർച്ച തുടരുകയാണ്. ഇവർക്ക് നൽകിയ ചില സീറ്റുകളിലെ അതൃപ്തിയാണ് ചർച്ച വഴിമുട്ടിച്ചത്. സ്ഥാനാർത്ഥികൾ വീടുകയറിയുള്ള വോട്ടഭ്യർത്ഥനയും തുടങ്ങി.

സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചുള്ള സി.പി.എം ഇടപെടൽ യു.ഡി.എഫിനും തലവേദനയാണ്. ഇവർക്ക് തമ്മിലടി മൂലം ഒരു സീറ്റിൽ പോലും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനായിട്ടില്ല. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരും സ്ഥാനാർത്ഥികളായുണ്ട്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് മരുതോങ്കര പഞ്ചായത്തിൽ രണ്ടാം വാർഡിൽ നിന്നും മത്സരിക്കുന്നുണ്ട്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മേഖലയാണിത്.