കിളിമാനൂർ :അദ്ധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ യോഗങ്ങളും കൂടിച്ചേരലുകളും അന്യമായ സാഹചര്യത്തിൽ, ക്ലാസടിസ്ഥാനത്തിലും പഠിപ്പിക്കുന്ന വിഷയാടിസ്ഥാനത്തിലും വാട്സ്ആപ് അദ്ധ്യാപക കൂട്ടായ്മകൾ രൂപീകരിച്ച് പഠന പിന്തുണ ചർച്ച ചെയ്ത് - നടപ്പാക്കി മുന്നേറുകയാണ് കിളിമാനൂർ ഉപജില്ലയിലെ അദ്ധ്യാപകർ. ഇതിനായി ടോർച്ച് എന്ന ഓൺ ലൈൻ പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് ഇവിടത്തെ അദ്ധ്യാപകർ. പഠന പിന്തുണ നൽകൽ, കൃത്യതയോടെ അന്നന്ന് രേഖപ്പെടുത്തുന്നതിന് ഏകീകൃത സംവിധാനം വേണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്, അദ്ധ്യാപക സൗഹൃദ - ഓൺലൈൻ പഠന പിന്തുണ രേഖപ്പെടുത്തൽ പുസ്തകം ടോർച്ച് (ടീച്ചേഴ്സ് ഓൺലൈൻ ക്ലാസ് റിക്കോർഡ് ഒഫ് കൺണ്ടി ന്യൂസ് ഹെൽപ്പ് ) തയ്യാറാക്കിയിരിക്കുന്നത്. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഷീജാകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജു,ബ്ലോക്ക് പ്രോജക്‌ട് കോ ഒാർഡിനേറ്റർ വി.ആർ.സാബു, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് റാം, അദ്ധ്യാപക പരിശീലകരായ വിനോദ് .ടി,വൈശാഖ് .കെ.എസ് എന്നിവരടങ്ങുന്ന സമിതിയാണ് കിളിമാനൂർ ബി.ആർ.സിക്ക് വേണ്ടി ടോർച്ച് തയ്യാറാക്കിയത്. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഒാർഡിനേറ്റർ എൻ .രത്നകുമാറിന് നൽകിക്കൊണ്ട് ടോർച്ചിന്റെ പ്രകാശനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ സന്ധ്യ, എ.ഇ.ഒ വി.രാജു, ബി.പി.സി സാബു .വി.ആർ എന്നിവർ പങ്കെടുത്തു.