കല്ലമ്പലം: നെൽ കൃഷിയിൽ സമൃദ്ധിനേടിയ കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട കോമല്ല ഏലാ കാടുകയറി നശിക്കുന്നു.നെൽകൃഷി നാമമാത്രമായി ചുരുങ്ങി. കുറ്റിച്ചെടികളും മരങ്ങളും തിങ്ങിനിറഞ്ഞ പാടത്തിന് ഇപ്പോൾ കാടിന്റെ പ്രതീതിയാണ്.
നാറാണത്ത് ചിറയിലെ ജലം കൃഷിക്ക് ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. രണ്ടു വർഷം മുൻപ് ചിറയിൽ മത്സ്യക്കൃഷി ആരംഭിച്ചതോടെയാണ് കൊമല്ല ഏലായിൽ ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായത്. കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാതെവന്നതോടെ കർഷകർ പലരും രംഗംവിട്ടു. 45 ഹെക്ടറിൽ കൂടുതൽ കൃഷി നടന്ന ഏലായിൽ തരിശുകിടക്കുന്ന ഭാഗങ്ങൾ പലതും നികന്നു. തുടർന്ന് ചിലർ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. മറ്റ് ചില വയലുകൾ കാടുകയറി കൃഷി ആഗ്രഹിക്കുന്ന കർഷകർക്കും ഭീഷണിയായി മാറി. 20 വർഷമായി തരിശുകിടക്കുന്ന വയലുകളും ഉണ്ടെന്ന് കർഷകർ പറയുന്നു. ഇവിടം കാട്ടുമരങ്ങളും പുല്ലും വളർന്ന് ഭീതി പടർത്തുന്ന നിലയിലാണ്. കരവാരം പഞ്ചായത്തിൽ മുൻപ് പല പാടങ്ങളിലും നൂറുമേനി വിളവായിരുന്നു. കൃഷിമേഖലയിൽ നിന്നും പലരും പിന്തിരിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കോമല്ല ഏലായിലെ കാടും പടർപ്പും കാരണം സമീപ പാടങ്ങളിലേക്ക് കാർഷിക യന്ത്രങ്ങൾ പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്. കടുത്ത വേനലിലും വറ്റാത്ത ചിറയും തോടുമുണ്ടെങ്കിലും അവ യഥേഷ്ടം ഉപയോഗപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. മത്സ്യക്കൃഷിക്കായി പഞ്ചായത്ത് നാറാണത്ത്ചിറ ഉപയോഗപ്പെടുത്തിയെങ്കിലും നിലവിൽ മത്സ്യക്കൃഷി ഇല്ലാത്തതിനാൽ കർഷകർക്ക് കൃഷിയിറക്കാനായി ജലസേചന സൗകര്യം ഒരുക്കണമെന്നാവശ്യം ശക്തമാണ്.