വെഞ്ഞാറമൂട്:ഇരട്ടക്കൊലപാതകം നടന്നതിന് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക രാഷട്രീയ സാഹചര്യത്തിൽ പുല്ലമ്പാറയിൽ വീറും വാശിയും കൂടുമെന്നതിൽ തർക്കമില്ല. സ്ഥാനാർത്ഥി നിർണയം തുടങ്ങിയപ്പോഴെ തീപാറും പോരാട്ടത്തിന്റെ സൂചനയാണ് കാണുന്നത്.2000 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും എൽ.ഡി.എഫിനും തുല്യ സീറ്റ് വന്നു.നറുക്കെടുപ്പിൽ കോൺഗ്രസിലെ മുഹമ്മദ് അബ്ദുൽ ഖാദറിന് പ്രസിഡന്റായി നറുക്ക് വീണു. 2005 ലെ തിരഞ്ഞെടുപ്പിൽ സി.പി.എം ഭരണം പിടിച്ച് ആദ്യ വനിതാ പ്രസിഡന്റായി ശ്രീകല വന്നു. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ചുള്ളാളം രാജൻ പ്രസിഡന്റാകുകയും ചെയ്തു.സി പി.എം ഭരണം തിരികെ പിടിച്ചത് വലിയ ഭൂരിപക്ഷത്തിലായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയംഗം കൂടിയായ ഹസീനയാണ് നിലവിലെ പ്രസിഡന്റ്. പൊതുശ്മശാനം മിനി സിവിൽ സ്റ്റേഷൻ,കലുങ്കിൻ മുഖം ചന്ത വികസനം ,കാട്ടു മൃഗങ്ങളുടെ ശല്യം,നെൽകർഷകരുടെ ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന പ്രശ്നങ്ങൾ. ഭരണമുന്നണിയായ എൽ.ഡി.എഫ് മിക്ക സീറ്റുകളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. ഘടക കക്ഷിയായ ലോക രാത്രിക് ജനതാ ദളിന് പേരുമല ജനറൽ സീറ്റ് നൽകി.സി.പി.ഐ പഴയ മൂന്ന് സിറ്റിൽ മത്സരിക്കും. ബാക്കി സീറ്റിൽ സി.പി.എം മത്സരിക്കും. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,ലോക്കൽ സെക്രട്ടറി തുടങ്ങിയവർ മത്സരിക്കുകയാണ്. കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരം. കരുത്തരെ ഇറക്കി ഭരണം തിരികെ പിടിക്കുകയാണ് പ്രധാന ലക്ഷ്യം. മണ്ഡലം പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രബലമായ നിരയാണ് പ്രാഥമിക പട്ടികയിലുള്ളത്. നിശബ്ദമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്.പല വാർഡുകളിൽ ബി.ജെ.പി നിർണായകമാണ്.