തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂരിൽ അനുവദിച്ച ഹോമിയോ ആശുപത്രി കെട്ടിടം പണി കരാറുകാരന്റെ അനാസ്ഥകാരണം അനിശ്ചിതത്വത്തിൽ. സ്ഥലം സംബന്ധിച്ച് പ്രാദേശിക തർക്കം ഉടലെടുത്തത് ആദ്യഘട്ടത്തിൽ നിർമ്മാണം വൈകാൻ ഇടയാക്കിയിരുന്നു. എന്നാൽ സി.പി.എമ്മും മുസ്ലീം ലീഗും സമവായത്തിലെത്തിയിട്ട് വർഷം ഒന്നായിട്ടും കരാറുകാരൻ ഇതുവരെ നിർമ്മാണം ആരംഭിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. നിർമ്മാണത്തിനുള്ള ഫണ്ടും സ്ഥലവും ലഭിച്ചിട്ടാണ് കരാറുകാരന്റെ അലംഭാവം.
ഇളമ്പച്ചിയിൽ സർക്കാർ ഹോമിയോ ആശുപത്രി അനുവദിക്കുകയും എം. രാജഗോപാലൻ എം.എൽ.എ 25 ലക്ഷം ഫണ്ടും, കെട്ടിടം പണിയാൻ തൃക്കരിപ്പൂർ പഞ്ചായത്ത് 12 സെന്റ് സ്ഥലവും അനുവദിച്ചിരുന്നു. ആശുപത്രി തൃക്കരിപ്പൂർ വീവേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി പരിസരത്ത് പണിയണമെന്ന് സി.പി.എമ്മും നൂറ്റമ്പത് മീറ്റർ വടക്ക് മാറി ഹെൽത്ത് സെന്റർ പരിസരത്ത് പണിയണമെന്ന് പ്രാദേശിക ലീഗ് നേതൃത്വവും ആവശ്യം ഉന്നയിച്ചതോടെ പദ്ധതി തർക്കത്തിലായി. പിടിവാശി കാരണം ആശുപത്രി നിർമ്മാണം മുടങ്ങുമെന്ന ആശങ്ക ഉയർന്നതോടെ തർക്കം രമ്യതയിലെത്തി. എന്നാൽ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാതായതോടെയാണ് ആശുപത്രി നിർമ്മാണം വീണ്ടും അനിശ്ചിതത്തിലായത്.