തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത് പത്തുമാസം പൂർത്തിയാകുമ്പോൾ രോഗവ്യാപനം കുറയുന്നതായി ആരോഗ്യവകുപ്പിന്റെ പ്രതിവാര അവലോകന റിപ്പോർട്ട്. വ്യാപനം തീവ്രമായപ്പോൾ രൂപപ്പെട്ട 610 ക്ലസ്റ്ററുകളിൽ 417 എണ്ണം നിർജീവമായതും ആശ്വാസമായി. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു.
ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബർ ആദ്യം ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഗണ്യമായി കുറഞ്ഞു. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോഴത് പകുതിയായി. ഒന്നരമാസത്തിന് ശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയതും ശുഭസൂചനയാണ്. ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു.
എന്നാൽ മരണനിരക്കിൽ കുറവില്ല. കഴിഞ്ഞാഴ്ച മാത്രം 183 പേർ കൊവിഡ് ബാധിച്ച് മരിച്ചു. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് കുറവാണ്. നിവലിലെ സാഹചര്യം ആശ്വാസകരമാണെങ്കിലും അപകടം പതിയിരിക്കുന്നുവെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ രോഗവ്യാപനത്തിന്റെ സാദ്ധ്യതയും വർദ്ധിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ നിയന്ത്രണമൊരുക്കാൻ ആരോഗ്യവകുപ്പിന് പരിമിതികളുണ്ട്. അതിനാൽ ഓരോരുത്തരും സ്വയം ബോദ്ധ്യത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായാലേ കൊവിഡിനെ തടയാനാകൂ എന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കണക്കുകൾ ഇങ്ങന
ഒക്ടോബർ 31ന് ചികിത്സയിലുണ്ടായിരുന്നവർ- 91,960
നവംബർ 12ന് ചികിത്സയിലുള്ളവർ- 77,813
തീവ്രപരിചരണ വിഭാഗത്തിലുള്ളത്- 927
വെന്റിലേറ്ററിലുള്ളവർ- 230