baby

ശിശുദിനത്തിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുട്ടികളുടെ ശബ്ദമാവുകയാണ് ഈ കുട്ടി നേതാക്കൾ. ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ കുട്ടികളുടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സ്പീക്കർക്കും പറയാനുള്ളത് ഇമ്മിണി ബല്യ കാര്യങ്ങൾ.

വേണം ശക്തമായ നിയമസംവിധാനങ്ങൾ

കുട്ടി പ്രധാനമന്ത്രി നന്മ, നാലാം ക്ളാസ്

​ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വരുന്ന കുട്ടികളുടെ ക്ഷേമത്തിനാണ് നന്മയുടെ പ്രകടനപത്രികയിൽ ഒന്നാം സ്ഥാനം. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ശക്തമാക്കണം. കൊവിഡ് പോലുള്ള സാഹചര്യങ്ങളിൽ വീടിനുള്ളിൽ ഒതുങ്ങിപോകുന്ന കുട്ടികളെ ഉഷാറാക്കാനും പദ്ധതി വേണം.കുട്ടികളിൽ വായനാശീലം വളർത്തണം.

തിരുവനന്തപുരം വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂൾ വിദ്യാർത്ഥിനി നന്മയാണ് ഇന്ന് ഓൺലൈനായി നടക്കുന്ന ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നത്. വായനയാണ് നന്മയുടെ പ്രധാന ഹോബി. മോണോആക്ട്,​ പ്രസംഗം,​ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 'ജഗതി ഈശ്വരവിലാസം റോഡ്, 'മാധവ'ത്തിൽ വിപ്രോയിലെ സാപ് കൺസൾട്ടന്റായ ശ്രീകുമാറിന്റേയും ഡോ. ദിവ്യ ശ്രീകുമാറിന്റേയും മകളാണ്. മൂന്ന് വയസുകാരായ നന്ദിത്തും നമസ്യയും സഹോദരങ്ങളാണ്.

ആനുകാലിക വിഷയങ്ങൾ അറിയണം:

പ്രസിഡന്റ് സി.എം ആദർശ്,ഏഴാം ക്ലാസ്

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും.സ്കൂളുകളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.സോഷ്യൽ മീഡിയയുടെ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും.ആനുകാലിക വിഷയങ്ങൾകൂടി മനസിലാക്കി വേണം കുട്ടികൾ വളരേണ്ടത്. മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് ആദർശ്. രണ്ട് തവണ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അവതാരകനായിട്ടുണ്ട്. കെ.എസ്.ഇ.ബി എൻജിനീയർ ആർ.വി ഷാജിയുടേയും മഞ്ജുവിന്റെയും മകനാണ്. പത്താം ക്ലാസ് വിദ്യാർത്ഥി അരവിന്ദാണ് സഹോദരൻ.

നമുക്കുമുണ്ട് ഒരുപാട് ആവശ്യങ്ങളുണ്ട്:

സ്പീക്കർ എസ്. ഉമ, അഞ്ചാം ക്ലാസ്

കുട്ടികളാണെങ്കിലും ഞങ്ങൾക്കുമുണ്ട് ഒരുപാട് ആവശ്യങ്ങൾ.കുട്ടികൾക്കായി പാർക്ക്, നീന്തൽക്കുളം, വിശ്രമിക്കാനും കളിക്കാനും കൂടുതൽ സ്ഥലങ്ങൾ എന്നിവ ഒരുക്കണം. കുട്ടികൾ എവിടെയും സന്തോഷത്തോടെയിരിക്കണം, അതിന് ആവശ്യമായ നിയമസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണം.

കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉമ .ഇന്ന് നടക്കുന്ന ശിശുദിനപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്നത് ഉമയാണ്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ സുജിത്തിന്റേയും അഭിഭാഷകയായ എം. നമിതയുടേയും മകളാണ്. പ്ലസ് വൺ വിദ്യാർത്ഥിയായ അമലാണ് സഹോദരൻ.

'അതിജീവനത്തിന്റെ കേരളപാഠം'

തിരുവനന്തപുരം:ശിശുദിനത്തോടനുബന്ധിച്ച് തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ഓൺലൈൻ ശിശുദിന പരിപാടികൾ സംഘടിപ്പിക്കും.ഇന്ന് രാവിലെ 11ന് തൈക്കാട് ശിശുക്ഷേമ ഹാളിൽ കുട്ടികളുടെ നേതാക്കളുടെ ഓൺലൈൻ പൊതുയോഗം നടക്കും.
തുറന്ന ജീപ്പിൽ പൊതുയോഗ ഹാളിൽ പ്രവേശിക്കുന്ന കുട്ടികളുടെ നേതാക്കളെ മുഖ്യാതിഥികൾ സ്വീകരിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ശൈലജ എന്നിവർ ഓൺലൈനായി ശിശുദിന സന്ദേശം നൽകും. ശിശുദിന സ്റ്റാമ്പ് മുഖ്യമന്ത്രി ഓൺലൈനായി പ്രകാശനം ചെയ്യും.കുട്ടികളുടെ പ്രധാനമന്ത്രി നന്മ.എസ് സംസ്ഥാനതല ശിശുദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആദർശ്.എസ്.എം അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ ഉമ.എസ് മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളുടെ നേതാക്കളായ നൈനിക അനിൽ സ്വാഗതവും ശ്രീലക്ഷ്മി.സി നന്ദിയും പറയും. 'അതിജീവനത്തിന്റെ കേരളപാഠം' എന്നതാണ് ഇത്തവണത്തെ ശിശുദിന സന്ദേശം.

ശിശുദിന സ്റ്റാമ്പ് രൂപകല്പന ചെയ്ത തൃശ്ശൂർ കോട്ടപ്പുറം സെന്റ് അൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി അഖിൽ.സി.ജെ-യ്ക്കുള്ള പുരസ്‌കാരവും സ്‌കൂളിനുള്ള ട്രോഫിയും സമ്മാനിക്കും.സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജുപ്രഭാകർ, വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ.ജെ.എസ്, ട്രഷറർ ആർ.രാജു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാൽ എന്നിവർ പങ്കെടുക്കും. ഓൺലൈൻ പൊതുയോഗം ലൈവായി കാണുന്നതിനായി https://www.facebook.com എന്ന ലിങ്ക് സന്ദർശിക്കാം.