തിരുവനന്തപുരം:മട്ടുപ്പാവിൽ നെല്ല് വിളയിച്ചും ഓണം ഉണ്ണാം.തിരക്കേറിയ തലസ്ഥാന നഗരത്തിൽ കൊച്ചുള്ളൂർ രാജി ഭവന്റെ ടെറസിൽ നെൽപ്പാടം സൃഷ്ടിച്ചത് ഗൃഹനാഥനായ ആർ.രവീന്ദ്രൻ.
150 ചട്ടികളിലായി വിളഞ്ഞ് നിൽക്കുന്ന കതിരുകൊയ്യുമ്പോൾ കുറഞ്ഞത് 32 കിലോഗ്രാം നെല്ല് കിട്ടും. രണ്ടു കിലോഗ്രം വിത്തിനായി മാറ്റും. പത്ത് കിലോഗ്രാം പച്ചരിയാക്കും. ബാക്കി അരി പുഴുങ്ങി ഉണക്കി കുത്തി അരിയാക്കും. അതാണ് അടുക്കളയിൽ ചോറാകുന്നത്. കഴിഞ്ഞ ഓണത്തിനും മട്ടുപ്പാവിൽ കൃഷി ചെയ്തു കിട്ടിയ നെല്ല് കുത്തിയ അരികൊണ്ടാണ് രവീന്ദ്രനും കുടുംബവും സദ്യയുണ്ടത്. അതിനുശേഷം ഇറക്കിയ കൃഷി ഇപ്പോൾ കൊയ്യാൻ പാകത്തിലെത്തി.
ജൈവവളം മാത്രം ഉപയോഗിക്കുന്ന കരനെല്ല് പാകമാകാൻ 120 ദിവസം വേണം. പത്തു വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞെത്തിയാണ് പൂർണസമയ കർഷകനായി മാറിയത്. രാസവളങ്ങളും കീടനാശിനികളും കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വരുത്തുമെന്ന തിരിച്ചറിവിൽ ജൈവകൃഷിയുടെ പ്രചാരകനായി. ഇപ്പോൾ ഈ രംഗത്തെ അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
മട്ടുപ്പാവിൽ പച്ചക്കറികളും വിളഞ്ഞു നിൽക്കുന്നു. ഡൽഹിയിലെ ഇന്ത്യൻ കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ടിന്റെ 2014ലെ ഇന്നവേറ്റീവ് ഫാർമർ അവാർഡ്, 2019ലെ ദീനദയാൾ ഉപാദ്ധ്യായ അന്ത്യോദയ കൃഷി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
275 കിലോഗ്രാം കാച്ചിൽ വിളയിച്ചതോടെയാണ് രവീന്ദ്രൻ കാർഷിക ലോകത്ത് ശ്രദ്ധേയനായത്. 2011ൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. അതോടെ പേര് 'കാച്ചിൽ രവീന്ദ്രൻ' എന്നായി. ആഫ്രിക്കൻ മുൾക്കിഴങ്ങ് ഒറ്റമൂട്ടിൽ 116 കിലോഗ്രാം വിളയിച്ചെടുത്തതോടെ അതു കാണാൻ ആഫ്രിക്കൻ കൃഷി ശാസ്ത്രജ്ഞർ ഇവിടെ എത്തി. അവിടെ പരമാവധി 30 കിലോഗ്രാം മാത്രമേ മുൾക്കിഴങ്ങ് വിളയാറുള്ളൂ.
'' നഗരവാസികളായ ആർക്കും വീട്ടിൽ നെൽകൃഷി ചെയ്യാം. അതിനുളള മനസുണ്ടായാൽ മതി. സ്വന്തം ആരോഗ്യത്തിനു മാത്രമല്ല, അടുത്ത തലമുറയുടെ ആരോഗ്യത്തിനും മുതൽക്കൂട്ടാകും''
- രവീന്ദ്രൻ