തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെ.എ.എസ്) മുഖ്യ പരീക്ഷയ്ക്ക് സംസ്ഥാനത്ത് 19 കേന്ദ്രങ്ങൾ. തിരുവനന്തപുരത്ത്-4, കൊല്ലത്തും കൊച്ചിയിലും 2 വീതം കേന്ദ്രങ്ങളുണ്ടാകും. മറ്റു ജില്ലകളിൽ ഓരോ കേന്ദ്രം വീതമായിരിക്കും ഉണ്ടാകുക. 20, 21 തീയതികളിലെ പരീക്ഷ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് എഴുതുന്നത്.
ഒന്നും രണ്ടും സ്ട്രീമുകളിൽ നിന്ന് പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയവരാണു മെയിൻ പരീക്ഷ എഴുതുന്നത്.
പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്കും പകർപ്പ് എടുക്കുന്നതിനും അപേക്ഷിച്ചവരിൽ ഭൂരിപക്ഷം പേർക്കും ഫലം നൽകിക്കഴിഞ്ഞതായി പി.എസ്.സി അറിയിച്ചു. അറുപതോളം അപേക്ഷകർക്കാണ് ഇനി നൽകാനുള്ളത്. ഇവർ നിശ്ചിത സമയത്തിനകം ഫീസ് അടച്ചെങ്കിലും അപേക്ഷകൾ പി.എസ്.സിയുടെ പരിഗണനയ്ക്ക് ലഭിക്കാൻ വൈകി. ഇവർക്ക് ഉടൻ ഫലവും പകർപ്പും നൽകുമെന്നും അധികൃതർ അറിയിച്ചു.