post

പോസ്റ്റ് കൊവിഡ് സിൻഡ്രം വ്യാപകം

തിരുവനന്തപുരം:കൊവിഡ് മുക്തരിലെ ആരോഗ്യപ്രശ്നങ്ങൾ ( പോസ്റ്റ് കൊവിഡ് സിൻ‌ഡ്രം)​ ചികിത്സിക്കാൻ ആരോഗ്യവകുപ്പ് ആരംഭിച്ച ജാഗ്രതാ ക്ലിനിക്കുകളിൽ എത്തിയ 2800പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. 60ശതമാനത്തിനും കൊവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണവും തളർച്ചയുമായിരുന്നു. ഏഴ് ശതമാനം പേർക്ക് ശ്വാസതടസവും പടികയറുമ്പോൾ കിതപ്പും തളർച്ചയും കണ്ടെത്തി. 20ശതമാനത്തിന് പ്രമേഹവും രക്തസമ്മർദവും അതിരൂക്ഷമായിരുന്നു. 13ശതമാനത്തിന് മുൻകാല അസുഖങ്ങൾ കാരണമുള്ള പ്രശ്നങ്ങളായിരുന്നു. വയനാട്ടിൽ രണ്ട് പേർക്ക് കാഴ്ച കുറഞ്ഞു. ഇവർ കടുത്ത പ്രമേഹരോഗികളായിരുന്നു. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വ്യാഴാഴ്‌ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുറന്നു.

പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലെത്തിയവരിൽ പ്രകടമായ ലക്ഷണങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമുള്ള 2800 പേരെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ല, താലൂക്ക് ആശുപത്രികളിലെ ജാഗ്രതാ ക്ലിനിക്കുകളിലേക്ക് റഫർ ചെയ്തത്. സംസ്ഥാനത്തുടനീളം പ്രാഥമിക ജാഗ്രതാ ക്ലിനിക്കുകളിൽ അയ്യായിരത്തോളം പേർ ചികിത്സ തേടി. ഇവരുടെ കൃത്യമായ വിവരശേഖരണം ഉടൻ പൂർത്തിയാക്കും. ഒറ്റദിവസം ഗുരുതരമായ പ്രശ്‌നങ്ങളുള്ള 2800പേരെ കണ്ടെത്തിയത് പോസ്റ്റ് കൊവിഡ് സിൻഡ്രം തീവ്രമാണെന്ന മുന്നറിയിപ്പാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

എല്ലാ വ്യാഴാഴ്ചയുമാണ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. രോഗികൾ കൂടുമ്പോൾ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിൽ പ്രവർത്തിക്കും.

വിദഗ്ദ്ധ ചികിത്സ

കൊവിഡ് മുക്തർ വീടിനടുത്തുള്ള പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലാണ് ആദ്യം എത്തേണ്ടത്. ഗുരുതര ലക്ഷണങ്ങളുള്ളവരെ കൂടുതൽ ചികിത്സയ്‌ക്ക് ആദ്യം താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേക്കും ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജുകളിലേക്കും റഫറൽ കേന്ദ്രങ്ങളിലേക്കും മാറ്റും. റഫറൽ ക്ലിനിക്കുകളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാകും.

'കൊവിഡ് മുക്തർ ജാഗ്രതാ ക്ലിനിക്കുകളിൽ പരിശോധന നടത്തണം. പോസ്റ്റ് കൊവിഡ് സിൻഡ്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.'

- ഡോ.ബിപിൻ ഗോപാൽ

നോഡൽ ഓഫീസർ

നോൺ കമ്മ്യൂണിക്കബിൾ ഡിസീസ്