മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനശേഷിയുള്ള സന്ധിയാണ് തോള്‍. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യന്റെ തോളിന് ഇത് വളരെ കൂടുതലാണ്. പരിണാമത്തിലൂടെ വന്ന മാറ്റമാണിത്.
തോളിന് ഇത്രയധികം ചലന ശേഷിയുള്ളതുകൊണ്ടാണ് കൈകൾ കൊണ്ട് ശരീരത്തിൽ എവിടെയും തൊടാനാകുന്നതും പിറകിലേയ്ക്കും തലയ്ക്കു മുകളിലേക്കും ഉൾപ്പടെ പല ദിശകളിലേക്ക് കൈകൾ ചലിപ്പിക്കാൻ കഴിയുന്നതും.
തോളിനുണ്ടാകുന്ന പ്രശ്‌നങ്ങൾ ദൈനംദിന പ്രവർത്തികളെ സാരമായി ബാധിക്കും.
വേദന, ചലനക്കുറവ്, കുഴ തെറ്റുക എന്നിവയാണ് തോളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഡോക്ടർ നേരിട്ടുനടത്തുന്ന പരിശോധനയാണ് രോഗം കണ്ടുപിടിക്കാൻ കൂടുതൽ സഹായിക്കുന്നത്. ചിലപ്പോൾ എക്‌സ്‌റേ, രക്ത പരിശോധന എന്നീ അടിസ്ഥാന പരിശോധനകളും ആവശ്യമായി വരും. അസുഖങ്ങളിൽ ചിലത് സ്ഥിരീകരിക്കാനും ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാനും എം. ആർ.ഐ, സി.ടി സ്കാനുകൾ ആവശ്യമായി വരും.
തോളിന്റെ എം. ആർ.ഐ എടുത്താലും അതിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടാവും. ഇവയിൽ രോഗിയുടെ ബുദ്ധിമുട്ടും ഡോക്ടറുടെ പരിശോധനയിൽ തെളിഞ്ഞ കാര്യങ്ങളുമായി ചേർത്തുവച്ചുവേണം ചികിത്സ തീരുമാനിക്കാൻ. എങ്കിലും സ്വയം എം. ആർ.ഐ എടുക്കുന്ന പ്രവണത ശരിയല്ല.
വളരെ ചുരുക്കം ചില പ്രശ്‌നങ്ങൾക്കേ തോളിൽ ശസ്ത്രക്രിയ വേണ്ടി വരൂ. പല അസുഖങ്ങളുടെ പ്രാരംഭ ഘട്ടത്തിലും കാഠിന്യം കുറഞ്ഞ അവസ്ഥയിലും വിശ്രമം, മരുന്ന്, ഫിസിയോതെറാപ്പി, സന്ധിക്കുള്ളിൽ നൽകുന്ന ഓർത്തോപീഡിക് ലോക്കൽ ഇൻജക്ഷൻ എന്നിവ മതിയാവും. വേദന സംഹാരികൾ കൊണ്ട് വേദന മാറും. എന്നാൽ അത് ദീർഘനാൾ നൽകുന്നത് പ്രായോഗികമല്ല.
രോഗിയുടെ മറ്റ് അസുഖങ്ങൾ, അലർജി എന്നിവ മനസ്സിലാക്കി മാത്രമേ മരുന്നുകൾ നൽകാൻ പാടുള്ളൂ. വേദനയുടെ കൃത്യമായ കാരണം പ്രാഥമിക പരിശോധനയിൽ മനസ്സിലാകുന്നില്ലെങ്കിൽ ഗുരുതരമല്ലെന്ന് എന്നുറപ്പിച്ച് മരുന്ന് നൽകി നോക്കും. നിശ്ചിത സമയത്തിനുള്ളിൽ രോഗത്തിന് ശമനം ഉണ്ടായില്ലെങ്കിൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കേണ്ടി വരും.
തോളിലെ മൂന്നു സ്ഥലങ്ങളിലാണ് ലോക്കൽ ഇൻജക്ഷനുകൾ നൽകാറുള്ളത്. വേദനയുടെ ഉത്ഭവം ഇവയിൽ എവിടെ നിന്നാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവ നൽകുന്നത്. മറ്റ് അവയവങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ രോഗമുള്ള സ്ഥാനത്തു കൂടുതൽ മരുന്ന് എത്തിക്കാം എന്നതാണതിന്റെ പ്രയോജനം. സ്റ്റിറോയ്ഡോ, മുറിവുകൾ മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളോ, രോഗിയുടെ രക്തത്തിൽ നിന്ന് വേർ തിരിച്ചെടുക്കുന്ന പ്ലാസ്മയോ ഇവയുടെ മിശ്രിതമോ ആണ് കുത്തിവയ്ക്കാറ്.
ഇത്തരത്തിൽ വേദന ശമിപ്പിച്ച ശേഷമാണ് ഫിസിയോ തെറാപ്പിയിലേക്ക് കടക്കുക. വ്യായാമം പഠിപ്പിക്കുക എന്നതാണ് ഫിസിയോ തെറാപ്പിയിലൂടെ ലക്ഷ്യമാക്കുന്നത്.
കീഹോൾ ശസ്ത്രക്രിയ അഥവാ താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഒടിഞ്ഞ എല്ല് കമ്പി ഇട്ട് ഉറപ്പിക്കൽ, കുഴ മാറ്റിവയ്ക്കൽ, ട്യൂമർ എന്നിവയ്ക്ക് തുറന്ന ശസ്ത്രക്രീയ തന്നെ ആവശ്യമായി വരും.
മൂന്ന് എല്ലുകൾ സംയോജിക്കുന്നതാണ് തോൾ. ഹ്യൂമറസ്, സ്‌കാപുല (തോള്‍ പലക), ക്ലാവിക്കിൾ (കോളർ ബോൺ) എന്നിവയാണ് ആ എല്ലുകൾ.
ഹ്യൂമറസിലെ ഒടിവുകളിൽ മിക്കതിനും ശസ്ത്രക്രിയ വേണ്ടി വരും. സ്‌കാപുല, ക്ലാവിക്കിൾ എന്നിവയുടെ ഒടിവുകളിൽ ചുരുക്കം ചിലതിന് മാത്രമേ ശസ്ത്രക്രിയ ആവശ്യമായി വരികയുള്ളൂ. എല്ല് എത്ര കഷണങ്ങളായി ഒടിഞ്ഞു, അവ തമ്മിലുള്ള അകലം, അനുബന്ധ പരിക്കുകൾ, രോഗിയുടെ പ്രായം എന്നിവ പരിഗണിച്ച് മാത്രമേ ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയൂ. ഒടിവുകൾക്ക് പൊതുവെ തുറന്ന ശസ്ത്രക്രിയ തന്നെ വേണ്ടിവരും.
ഒടിഞ്ഞു മാറിയ കഷണങ്ങളിലേക്കുള്ള രക്തയോട്ടം നിലനിർത്തികൊണ്ട് തന്നെ അവയെ പരമാവധി പഴയ സ്ഥാനങ്ങളിൽ എത്തിക്കുന്നു. ശേഷം സ്‌ക്രൂ, പ്ലേറ്റ് മുതലായവ ഉപയോഗിച്ച് ഉറപ്പിക്കുന്നു. ഇതിനായി ഓപ്പറേഷന്‍ ഫീൽഡിലേക്ക് കയറ്റി പ്രവർത്തിപ്പിക്കാവുന്ന എക്‌സ്‌റേ മെഷീന്‍ ഉപയോഗപ്പെടുത്തുകയാണ് പതിവ്.
തോളിലുണ്ടാകുന്ന പല പരിക്കുകളും രോഗിയുടെ ശ്രദ്ധയിൽ പെടണമെന്നില്ല. ഉദാഹരണത്തിന് അശ്രദ്ധമായി കൈ പിറകിലേക്ക് എടുക്കുക, വീശി എറിയുക മുതലായ ചില ചലനങ്ങൾ വരെ ഉള്ളിൽ പരിക്കുണ്ടാക്കാം.
ചെറുപ്പക്കാരുടെ എല്ലുകൾ, പേശികൾ, ലിഗമെന്റുകൾ എന്നിവയ്ക്ക് ബലം ഉള്ളതിനാൽ വളരെ ശക്തിയേറിയ പരിക്കുകളെ തോളിന് പ്രശ്‌നമുണ്ടാക്കൂ. കുഴ തെറ്റലാണ് ഇത്തരക്കാരിൽ കൂടുതലായി കണ്ടു വരുന്നത്.
സന്ധി മാറ്റിവയ്ക്കൽ
എല്ലാ സന്ധികളിലും എല്ലുകളുടെ അഗ്ര ഭാഗത്ത് കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപമാണ് കാർട്ടിലേജ് അഥവാ തരുണാസ്ഥി. പല കാരണങ്ങൾ കൊണ്ട് ഇതിൽ തേയ്മാനം സംഭവിക്കാം. തരുണാസ്ഥിയുടെ അഭാവം കാരണം എല്ലുകൾ തമ്മിലുണ്ടാകുന്ന ഉരസൽ കടുത്ത വേദനയുണ്ടാക്കും.
ചികിത്സിക്കപ്പെടാത്ത പരിക്കുകൾ, സന്ധിക്കുള്ളിലെ അണുബാധ എന്നിവയൊക്കെ ഭാവിയിൽ തേയ്മാനം ഉണ്ടാക്കാം. തേയ്മാനത്തിലൂടെ നശിച്ച തരുണാസ്ഥി മരുന്നുകളിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ല. രോഗിയുടെ പ്രായം, വേദനയുടെ ആധിക്യം, അതു കാരണം ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിച്ച് ആവശ്യമെങ്കിൽ കുഴ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് ശാശ്വതമായ പരിഹാരം.
തോളിലെ മറ്റു രോഗങ്ങൾ
ഏതൊരു രോഗാവസ്ഥയിലും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ട രണ്ടു കാരണങ്ങളാണ് അണുബാധയും ട്യൂമറും. പരിശോധനയിൽ ഇവയുടെ പ്രാഥമിക ലക്ഷണങ്ങൾ ഇല്ലാത്ത പക്ഷം ആവശ്യമെങ്കിൽ മറ്റു കാരണങ്ങളിലേക്ക് അന്വേഷണം തുടരാം. എന്നാൽ, നേരിയ സംശയമെങ്കിലുമുണ്ടെങ്കിൽ രക്തപരിശോധന, അൾട്രാസൗണ്ട്, എം. ആർ. ഐ സ്‌കാനുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കണം. ശേഷം കുത്തിയെടുത്തുള്ള ബയോപ്‌സി പരിശോധന നടത്തണം. ചില സാഹചര്യങ്ങളിൽ ബയോപ് സിക്കായി താക്കോൽദ്വാര അല്ലെങ്കിൽ തുറന്ന ശസ്ത്രക്രിയ ആവശ്യമായി വരും.
അണുബാധയ്ക്ക് സന്ധി തുറന്ന് പഴുപ്പ് കഴുകി കളഞ്ഞ ശേഷം ആറാഴ്ചയോളം ആന്റിബയോട്ടിക് നൽകേണ്ടിവരും. ട്യൂമർ നീക്കം ചെയ്യേണ്ടതാണെങ്കിൽ ഓർത്തോപീഡിക് ഓൺകോ സർജന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തും. മെഡിക്കൽ ഓൺകോളജിസ്‌റ്റ് നിർദ്ദേശിക്കുന്ന പ്രകാരമുള്ള കീമോതെറാപ്പിയും റേഡിയോതെറാപ്പിയും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും നൽകാറുണ്ട്. ട്യൂമർ ഉത്ഭവിച്ച കോശം, അതിന്റെ വലിപ്പം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയിൽ ഏതൊക്കെ വേണമെന്നത് തീരുമാനിക്കുന്നത്.
• റൂമറ്റോയ്ഡ്, ലൂപസ് തുടങ്ങിയ അസുഖങ്ങൾ തോളിനേയും ബാധിക്കാം. വാതം എന്ന് പൊതുമായി അറിയപ്പെടുന്ന ഇവയെ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കി, രക്തപരിശോധനയിലൂടെ തരം തിരിച്ച് അതിനനുസരിച്ചുള്ള മരുന്നുകൾ കഴിച്ചുവേണം ചികിത്സിക്കാൻ. ഇല്ലെങ്കിൽ സന്ധികളിൽ വളരെവേഗം തേയ്മാനം ഉണ്ടാകും. ഈ അസുഖത്തെ നിയന്ത്രിച്ചു നിർത്തുകയും വേദന കുറയ്ക്കുകയും ചെയുന്ന ഫലപ്രദമായ നിരവധി മരുന്നുകളുണ്ട്. സന്ധി മാറ്റിവയ്ക്കേണ്ടി വരുന്ന അവസ്ഥ പരമാവധി തടയുകയോ ദീർഘിപ്പിക്കുകയോ ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.
സന്ധികളിലെ തരുണാസ്ഥി നശിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടാവുന്നതാണ് രോഗകാരണം. ഇവ മറ്റ് അവയവങ്ങളെയും ബാധിക്കാം എന്നതിനാൽ ശസ്ത്രക്രിയ ഉൾപ്പടെ ഇതിന്റെ ചികിത്സയിൽ ഒരു റൂമറ്റോളജിസ്റ്റിന്റെ മേൽനോട്ടം ഉണ്ടാവുന്നതാണ് ഉചിതമാണ്. ഇത്തരം അസുഖങ്ങൾ കൂടിയും കുറഞ്ഞും നിൽക്കാമെന്നും അതിനനുസരിച്ച് മരുന്നിൽ മാറ്റങ്ങൾ വരുത്തണമെന്നും മനസ്സിലാക്കി കൊടുക്കാത്ത പക്ഷം രോഗികൾ ചികിത്സയിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. അത് ഭാവിയിൽ സന്ധിമാറ്റിവയ്ക്കലിൽ കലാശിക്കാം. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് കാരണം ഉണ്ടാകുന്ന സമാനമായ മറ്റൊരു അസുഖമാണ് ഗൗട്ട്.
• ഡെങ്കി, ചിക്കുൻ ഗുനിയ മുതലായ പകർച്ച വ്യാധികൾക്ക് ശേഷം ദീർഘനാൾ നീണ്ടു നിൽക്കുന്ന സന്ധി വേദനകൾ ഉണ്ടാകാറുണ്ട് . കണ്ണ്, മൂത്രനാളം തുടങ്ങി ശരീരത്തിലെ പലയിടങ്ങളിലും ഉണ്ടാകുന്ന അണുബാധ ഈവിധം സന്ധികളെ ബാധിക്കാം. അപകടകാരികൾ അല്ലെങ്കിലും വേദനയ്ക്ക് ദീർഘ നാൾ വിശ്രമവും സ്റ്റിറോയ്ഡ് ഉൾപ്പെടെയുള്ള മരുന്നുകളും നൽകേണ്ടി വരാം.
• തോൾ പലകയുടെ സമീപത്തുള്ള പേശികൾക്ക് അയവു കുറയുന്നത് കാരണമുള്ള വേദന സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നു. മരുന്നിലൂടെ വേദന കുറച്ച് ഫിസിയോതെറാപ്പി ചെയ്ത് പേശിയുടെ അയവും ബലവും കൂട്ടുകയാണ് പരിഹാരം.
• തോളിൽ നിന്നുള്ള ഞരമ്പുകൾ കഴുത്തിലൂടെയാണ് തലച്ചോറിലേയ്ക്ക് കടന്നു പോകുന്നത്. അതിനാൽ കഴുത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും തോൾ വേദനയായി അനുഭവപ്പെട്ടേക്കാം. തോൾ വേദനയുമായി വരുന്ന രോഗികളിൽ കഴുത്തും പരിശോധിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. കഴുത്തിലെ കശേരുക്കൾ ക്കിടയിലുള്ള ഡിസ്‌ക് പുറത്തേയ്ക്ക് തള്ളി ഞരമ്പുകളെ ഞെരുക്കുന്ന അവസ്ഥയാണ് കൂടുതലായി കണ്ടു വരുന്ന പ്രശ്‌നം.
ഡോ. ഉണ്ണിക്കുട്ടൻ
ഓർത്തോപീഡിക് സർജൻർ
എസ്.യു.ടി ആശുപത്രി, പട്ടം