jayan-2

സാഹസികതയിലൂടെ ത്രസിപ്പിച്ച ജയൻ ഗാനരംഗത്ത് അതിസുന്ദരനായി പ്രത്യക്ഷപ്പെട്ടത് എങ്ങനെ മറക്കാൻ കഴിയും

മലയാളി പ്രേക്ഷകർക്കിടയിൽ പൗരുഷത്വത്തിന്റെയും സാഹസികതയുടെയും പ്രതീകം. ഇപ്പോഴും വലിയ ആരാധനാ സമൂഹം പിന്തുടരുന്ന അഭിനേതാവ്. മരണ ശേഷമാണ് ജയന്റെ ജീവിതം ആരംഭിച്ചതെന്ന് തോന്നുന്നു. പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ. നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചുവരുന്ന കുട്ടിയെ കണ്ടാൽ ക്ളാസിലെ മറ്റു കുട്ടികൾ പുതിയ കാലത്തും പറയുന്നു. ദാ വരുന്നു ജയൻ.മലയാളത്തിൽ ആക്‌ഷൻ രംഗങ്ങൾക്ക് ജയനോളം മാനം നൽകിയ മറ്റൊരു നടനില്ല. ഡ്യൂപ്പുകളില്ലാതെ സംഘട്ടന രംഗങ്ങൾക്കും ആക്‌ഷൻ രംഗങ്ങൾക്കും ജീവൻ നൽകിയ ജയൻ അതിന്റെ പൂർണതയ്ക്കുവേണ്ടി എന്ത് സാഹസത്തിനും ഒരുക്കമായിരുന്നു. അങ്ങനെ ഒരു സാഹസത്തിലാണ് എന്നെന്നേക്കുമായി മറഞ്ഞുപോയതും.തൊഴിലിനോട് അങ്ങേയറ്റം ആത്മാർത്ഥതയായിരുന്നു ജയന്. താൻ കാരണം ഒരാൾക്കും ഒരു പൈസയുടെ നഷ്ടം പോലും ഉണ്ടാകരുതെന്ന് നിർബന്ധമായിരുന്നു. ചന്ദ്രഹാസത്തിന്റെ ക്ളൈമാക്സിൽ നങ്കൂരമിട്ടുകിടക്കുന്ന കപ്പലിന്റെ ക്രെയിനിൽ തൂങ്ങി മുന്നൂറോളം അടി ഉയരത്തിലേക്ക് പോകുന്ന രംഗം ആർക്കാണ് മറക്കാൻ കഴിയുക.ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കടിയിൽ പിടിച്ചു മുന്നോട്ടുകുതിക്കാനും കുതിരയുമായി ഗ്ളാസ് ഹൗസ് തകർത്തുവരാനും ഉയരത്തിൽ നിന്ന് താഴേക്ക് എടുത്തുചാടാനും അഗ്നിക്കിടയിൽ കിടന്ന് സ്റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയില്ലായിരുന്നു.

ആ സാഹസിക മനോഭാവം ഒരിക്കലും ഒട്ടും താഴേക്ക് പോയില്ല. വീണ്ടും വലിയ സാഹസങ്ങൾ ചെയ്യാനായിരുന്നു താത്‌പര്യം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ മലയാളത്തിൽ ഒരു തരംഗം സൃഷ്ടിക്കാൻ ജയന് മാത്രമേ കഴിഞ്ഞുള്ളൂ.അറിയപ്പെടാത്ത രഹസ്യത്തിൽ ജയൻ ഒരു കാട്ടാനയുമായി ഏറ്റുമുട്ടുന്ന രംഗമുണ്ടായിരുന്നു. ജയഭാരതിയെ കാട്ടാനയിൽ നിന്നു രക്ഷിക്കുന്ന ആ രംഗം പ്രത്യക്ഷത്തിൽ തന്നെ അപകടം നിറഞ്ഞതായിരുന്നു. ആ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ രണ്ടോ മൂന്നോ തവണ ജയനെ കുത്താൻ ആന ഒാങ്ങി. ഷൂട്ടിംഗ് കാണാനെത്തിയ ഒരു കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു: ഇത് ജയന്റെ അവസാനത്തെ ആനപിടുത്തമാണ്. അതു അക്ഷരാർത്ഥത്തിൽ ശരിയായിരുന്നുവെന്ന് ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ജയൻ ഇന്നും ആവേശമാണ്.ആരോഗ്യപരിപാലനം ജയന്റെ പ്രത്യേകതയാണ്. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയൻ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാദ്ധ്യതഉണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയൻ. ഇന്നും പകരം വെയ്ക്കാനില്ലാത്ത ഒരേയൊരു ജയൻ. വളരെ ചെറുപ്പത്തിൽതന്നെ പോയതുകൊണ്ട് ജയൻ ഇന്നും ചെറുപ്പമാണ്.ജയൻ- സീമ ജോടി മലയാളത്തിന് സുന്ദരമായ പ്രണയഗാനങ്ങൾ തീർത്തു. ഗാനരംഗത്ത് ജയൻ അതിസുന്ദരനായി കാണപ്പെട്ടു.

അങ്ങാടിയിലെ കണ്ണും കണ്ണും, കരിമ്പനയിലെ പ്രണയംതുളമ്പും വസന്തങ്ങൾ

ചാകരയിലെ സുഹാസിനി ,സുഭാഷിണി...

മനുഷ്യമൃഗത്തിലെ കസ്തൂരിമാൻമിഴി,

തടവറയിലെ കാറ്റും ഈ കാടിന്റെ കുളിരും

മൂർഖനിൽ - ആകാശഗംഗാതീരത്തു നിന്നു പറന്നുവന്ന ഹംസമേ

ബെൻസ് വാസുവിൽ - പൗർണമി പെണ്ണേ വയസെത്ര പെണ്ണേ - എല്ലാ ജയൻ സീമ ജോടി പാട്ടുകൾ.

അനുപല്ലവി എന്ന ചിത്രത്തിൽ ശ്രീവിദ്യയോടൊപ്പമുള്ള നീരാട്ട് എൻ മാനസറാണി എന്ന പാട്ട് ഇന്നും അലയടിക്കുന്നു. പുതിയ വെളിച്ചത്തിൽ ജയഭാരതിയോടൊപ്പം ജിൽജിൽജിൽ ചിലമ്പന ചിരിയിൽ

നായാട്ടിൽ സറീന വഹാബിനൊപ്പം

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം

കളഞ്ഞുപോയൊരു സ്വപ്നങ്ങൾ.

ഒരു കാലത്തിനും മായിക്കാനാവാത്ത എത്രയെത്ര അനശ്വര ഗാനങ്ങൾ.

ജയൻ വേദനിപ്പിക്കുന്ന ഓർമ്മയാണ്.

ഒരിക്കലും മരിക്കാത്ത ഒരോർമ്മ.