കിളിമാനൂർ: സാങ്കേതിക തകരാറുകൾ കാരണം പരീക്ഷ മുടങ്ങുന്നതിനാൽ സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസിനായി ഓൺലൈൻ ലേണേഴ്സ് ടെസ്റ്റുകൾ എഴുതുന്നവർ കുരുക്കിൽ. എല്ലാ പ്രവർത്തനങ്ങളും ഓൺലൈനായിട്ടും അപേക്ഷകർ വട്ടംചുറ്റുകയാണ്. കൊവിഡ് വ്യാപനത്തിന് മുൻപ് ലേണേഴ്സ് ടെസ്റ്റുകൾ അതത് ആർ.ടി ഓഫീസുകളിലാണ് നടത്തിയിരുന്നത്. നിലവിൽ വീട്ടിലിരുന്നുതന്നെ പരീക്ഷ എഴുതാം. മോട്ടോർ വാഹന വകുപ്പ് സാരഥി സോഫ്ട് വെയറിലേക്ക് മാറിയതോടെയാണ് ഓൺലൈനായി പരീക്ഷയെഴുതാൻ കഴിയുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളും ഇന്റർനെറ്ര് കണക്ഷനിലുള്ള പ്രശ്നങ്ങളും കാരണം പരീക്ഷകൾ അടിക്കടി മുടങ്ങുന്നു. പരീക്ഷ എഴുതുന്നതിനിടെ വെബ് സൈറ്റ് നിശ്ചലമാകുന്നതും തനിയേ ലോഗൗട്ട് ആകുന്നതും പതിവാണെന്നാണ് അപേക്ഷകർ പറയുന്നത്. ഇതു മൂലം ഒട്ടേറെ പേർക്ക് അവസരം നഷ്ടമാകുന്നുണ്ട്. മറ്റൊരു ദിവസം ഉറപ്പിച്ച ശേഷം വീണ്ടും പരീക്ഷ എഴുതേണ്ടിവരുന്നതായും പരാതിയുണ്ട്.
ഏറെ ദുരിതം മൊബൈൽ ഫോണിൽ
മൊബൈൽ ഫോണിൽ പരീക്ഷ എഴുതുന്നവർക്കാണ് കൂടുതൽ ദുരിതം. മുമ്പ് ഉണ്ടായിരുന്ന പരീക്ഷയിൽ നിന്ന് വ്യത്യസ്തമായി 50 ചോദ്യങ്ങളിൽ 30 ശരിയുത്തരം എഴുതിയാലേ വിജയിക്കൂ. ഒരു ചോദ്യത്തിന് 36 സെക്കന്റാണ് ഉത്തരം എഴുതാൻ സമയം. വൈകിട്ട് 6 നാണു പരീക്ഷ ആരംഭിക്കുക. ലോഗിൻ ചെയ്യാനുള്ള ഒ.ടി. പിയും കിട്ടും. ഒ.ടി.പി ഉപയോഗിച്ച് ഒരു തവണ മാത്രമേ ലോഗിൻ ചെയ്യാനാകൂ. ഇതാണ് ഇടയിൽ ലോഗ് ഔട്ടായാൽ പരീക്ഷ മുടങ്ങാൻ കാരണം.
സേവനങ്ങളെല്ലാം ഓൺലൈനിൽ
സംസ്ഥാനത്തെ ആർ.ടി ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങളെല്ലാം കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനമായ സാരഥിയിലേക്ക് മാറ്റിയിരുന്നു. ഏതു ഓഫീസിലും അപേക്ഷ സ്വീകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ലൈസൻസ് പുതുക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യണമെങ്കിൽ ലൈസൻസ് എടുത്ത ഓഫീസിൽ തന്നെ മുമ്പ് അപേക്ഷ നൽകേണ്ടിയിരുന്നു. അതത് ഓഫീസുകളിലെ രേഖകൾ അവിടെ മാത്രം ലഭ്യമായിരുന്ന സമയത്താണ് ഈ നിബന്ധന ഉണ്ടായിരുന്നത്. സാരഥിയിലേക്ക് മാറിയപ്പോൾ ഉദ്യോഗസ്ഥർക്ക് ഏത് ഓഫീസിൽ നിന്ന് നൽകിയ ലൈസൻസിന്റെ വിവരങ്ങളും എടുക്കാനാകും. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് പുതിയ ലൈസൻസ് വിതരണം ചെയ്യാനാവശ്യമായ വിവരങ്ങളെല്ലാം സാരഥിയിൽ ലഭ്യമാണ്. എന്നാൽ അപേക്ഷ സ്വീകരിക്കാനും ലൈസൻസ് വിതരണം ചെയ്യാനുമുള്ള നടപടി പൂർത്തിയായിട്ടില്ല. മുമ്പ് ലൈസൻസ് എടുത്തിട്ടുള്ള ഓഫിസിൽ നേരിട്ട് പോയി അപേക്ഷ നൽകുകയോ അല്ലെങ്കിൽ ഇപ്പോഴത്തെ താമസസ്ഥലത്തെ വിലാസത്തിൽ പുതിയ അപേക്ഷ നൽകുകയോ വേണം. ഇതും ഇടനിലക്കാരുടെ ചൂഷണം വ്യാപകമാകാൻ കാരണമാകുന്നുണ്ട്.