രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തലിനിടെയാണ് കൊവിഡ് കാലത്തെ മൂന്നാം സാമ്പത്തിക പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരാമൻ മുന്നോട്ടുവന്നിരിക്കുന്നത്. സമ്പദ് മേഖലയെ ഉത്തേജിപ്പിക്കാൻ മുമ്പ് രണ്ടുവട്ടം കൈക്കൊണ്ട സാമ്പത്തിക പാക്കേജുകൾ ഗണ്യമായി ഉപകരിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. പുതുതായി പ്രഖ്യാപിച്ച 2.65 ലക്ഷം കോടി രൂപ കൂടിയായപ്പോൾ മാർച്ച് മാസത്തിനുശേഷം ഈയിനത്തിൽ അനുവദിച്ച മൊത്തം പാക്കേജ് മുപ്പതുലക്ഷത്തോളം കോടി രൂപയുടേതായി. കൊവിഡ് മഹാമാരിയിൽ അമ്പേ തളർന്നുപോയ സമ്പദ് വ്യവസ്ഥയെ വീണ്ടും കരകയറ്റാനുള്ള യത്നം അത്രയൊന്നും എളുപ്പമല്ലെന്ന യാഥാർത്ഥ്യം മുമ്പിലുണ്ട്. എന്നിരുന്നാലും അതിനായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഉത്തേജക നടപടികൾ ഫലം കണ്ടു തുടങ്ങിയെന്നുവേണം മനസിലാക്കാൻ. ഒറ്റയടിക്കോ ഏതാനും മാസങ്ങളെടുത്തോ നേടാവുന്ന ലക്ഷ്യമല്ലത്. കാരണം ആറുമാസത്തിലധികം നീണ്ട അടച്ചിടൽ സമ്പദ് രംഗത്തെ അത്രമാത്രം തളർത്തിക്കളഞ്ഞിരുന്നു. നീണ്ടുപോയ ലോക്ക് ഡൗണിനെ രാഷ്ട്രീയ കാരണങ്ങളാൽ വിമർശിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഈ അടച്ചുപൂട്ടലാണ് രാജ്യത്തെ വളരെ വലിയൊരു ദുരന്തത്തിൽ നിന്ന് നല്ലതോതിൽ രക്ഷിച്ചതെന്നത് വിസ്മരിക്കരുത്. കൊവിഡ് വ്യാപനം രാജ്യത്താകമാനം ആശ്വാസകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ അപവാദമായി ഇല്ലെന്നില്ല. എങ്കിലും മൊത്തത്തിൽ സ്ഥിതി ആശ്വാസകരമായ നിലയിലായിട്ടുണ്ട്. പുതുവർഷത്തോടെ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിൻ കൂടി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ നിയന്ത്രണത്തിലാക്കാനാകും. അതോടൊപ്പം സാമ്പത്തിക രംഗത്തും കൂടുതൽ ഉണർവുണ്ടാകും. ഈ സാമ്പത്തിക വർഷം ആദ്യമായി കഴിഞ്ഞ മാസത്തിൽ ജി.എസ്.ടി വരുമാനം ലക്ഷം കോടിയിലേറെയായി വർദ്ധിച്ചത് ഉണർവിന്റെ സൂചനയായി വിലയിരുത്താവുന്നതാണ്. അടഞ്ഞുകിടന്ന ചെറുതും വലുതുമായ ഉത്‌പാദക യൂണിറ്റുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കാർഷിക മേഖലയാകട്ടെ കൊവിഡ് കാലത്തും നല്ല ഫലം കാഴ്ചവച്ചു എന്നതാണ് എടുത്തുപറയാവുന്ന മറ്റൊരു നേട്ടം. ധാന്യോല്പാദനം പുതിയ റെക്കാഡ് തന്നെ കൈവരിക്കുകയുണ്ടായി.
ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാക്കേജിൽ 65000 കോടി രൂപ വളം സബ്‌സിഡി നൽകാൻ വേണ്ടിയാണ്. പതിനാലു കോടി കർഷകർക്കാകും ഇതിന്റെ നേട്ടം. കാലാവസ്ഥ കൂടി അനുകൂലമായാൽ കാർഷിക മേഖലയിൽ പുതിയ കുതിപ്പു തന്നെ ഉണ്ടായേക്കും.
പാർപ്പിട - തൊഴിൽ മേഖലകൾക്ക് പുതുതായി 28000 കോടി രൂപയാണ് മൂന്നാം പാക്കേജിൽ ഉൾപ്പെടുത്തിയിരുക്കുന്നത്. ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തൊഴിലവസരങ്ങളും വർദ്ധിക്കും. റിയൽ എസ്റ്റേറ്റ് മേഖലയെ ഇപ്പോഴത്തെ സ്തംഭനാവസ്ഥയിൽ നിന്നു രക്ഷിക്കാൻ വലിയ ആനുകൂല്യമാണ് പുതുതായി വീട് വാങ്ങുന്നവർക്കായി നൽകുന്നത്. നഗരമേഖലയിലെ ഭവന നിർമ്മാണ പദ്ധതികൾക്കാകും കൂടുതൽ പ്രയോജനം. ഏഴ് വലിയ നഗരങ്ങളിലായി അഞ്ചര ലക്ഷത്തോളം ഭവന യൂണിറ്റുകൾ വാങ്ങാനാളില്ലാതെ കിടക്കുന്നുവെന്നാണു കണക്ക്. പുതിയ പാക്കേജിലെ ആനുകൂല്യം മുതലാക്കി ഇവയിൽ നല്ലൊരു പങ്ക് വിറ്റുപോകാൻ വഴിതെളിയുകയാണ്. ഭവന നിർമ്മാണ മേഖലയിലെ ഉണർവ് സിമന്റ്, ഉരുക്ക് തുടങ്ങിയവയുടെ ഉത്‌പാദന വർദ്ധനവിനും സഹായകമാകും. ഭവന നിർമ്മാണ മേഖലയ്ക്കു മാത്രം 18000 കോടി രൂപയുടെ ആനുകൂല്യമാണ് പുതുതായി ലഭിക്കുക.
കൊവിഡ് മഹാമാരി സൃഷ്ടിച്ച ഏറ്റവും വലിയ ദുരന്തം കോടിക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാർഗമില്ലാതാക്കി എന്നതാണ്. ഉത്പാദന യൂണിറ്റുകളെല്ലാം പൂട്ടിയതോടെ തൊഴിലില്ലാതായവർ കോടിക്കണക്കിനാണ്. ദിവസ വേതനക്കാരുടെയും നാനാരംഗത്തുമുള്ള കൂലിപ്പണിക്കാരുടെയും കാര്യം പറയാനുമില്ല. ഉത്പാദന മേഖലയുടെ തിരിച്ചുവരവോടെ മാത്രമേ ഇവരുടെ കഷ്ടപ്പാടിന് അറുതിവരികയുള്ളൂ. വ്യവസായ മേഖലയ്ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പരോക്ഷമായി നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ തിരികെ പിടിക്കാൻ സഹായകമാകേണ്ടതാണ്. ചെറിയ വ്യവസായ യൂണിറ്റുകൾ കുറഞ്ഞത് രണ്ടുപേർക്കും വലിയ യൂണിറ്റുകൾ അഞ്ചുപേർക്കും പുതുതായി തൊഴിൽ നൽകണമെന്നു നിബന്ധന വച്ചിട്ടുണ്ട്. പാലിക്കപ്പെട്ടാൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നിബന്ധന സഹായിക്കും.
കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഇതിനായി 9000 കോടി രൂപയാണ് പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാർച്ചോടെ വാക്സിൻ വിപണിയിലെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ശേഖരണത്തിനും സ്റ്റോറേജിനുമുള്ള അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനായി കേന്ദ്രം പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടിവരും.
ഉത്‌പാദനവുമായി ബന്ധപ്പെട്ടു നൽകുന്ന ആനുകൂല്യങ്ങളെല്ലാം നിബന്ധനകളോടെയായിരിക്കും. ആനുകൂല്യം പറ്റുന്ന ഉത്പാദക യൂണിറ്റുകളുടെ ഉത്‌പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ ജനങ്ങൾക്ക് അവസരവും ലഭിക്കും. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള അടിസ്ഥാന വികസന പദ്ധതികളെ ആശ്രയിച്ചാണ് തൊഴിൽ മേഖല പുഷ്ടിപ്പെടുന്നത്. നേരത്തെയുള്ള പാക്കേജുകളിൽ ഈ മേഖലയ്ക്ക് ഗണ്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.
പണമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും തൊഴിലാളികൾക്കും നേരിട്ടു ഗുണം കിട്ടുന്നതൊന്നും പുതിയ പാക്കേജിലില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണക്കാരുടെ കൈയിൽ പണം എത്തിയാലേ ഉപഭോഗം വർദ്ധിക്കൂ എന്നത് ശരിയാണ്. കൊവിഡിന്റെ ആദ്യ നാളുകളിൽ ചെയ്തതുപോലെ തൊഴിൽ നഷ്ടപ്പെട്ടവർക്കും കർഷക തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ മറ്റു സാധാരണക്കാർക്കും ചെറിയ തോതിലെങ്കിലും സഹായധനം നൽകാൻ കൂടി ധനമന്ത്രി തയ്യാറാകേണ്ടതായിരുന്നു എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ക്രയശേഷി വർദ്ധിച്ചാലേ സാമ്പത്തിക മേഖലയിലും ഉണർവുണ്ടാവൂ എന്നത് വസ്തുതയാണ്. വാങ്ങാൻ ആളില്ലെങ്കിൽ ഉത്‌പാദനം വർദ്ധിച്ചതുകൊണ്ട് ഫലമില്ലല്ലോ.
ഇന്ത്യ മാത്രമല്ല എല്ലാ രാജ്യങ്ങളും ഒരുപോലെ സാമ്പത്തിക മുരടിപ്പു നേരിടുന്ന ഘട്ടമാണിത്. അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി ലോകത്തെ ഒന്നാകെ മാറ്റിമറിച്ചുവെന്നു പറയാം. ഈ ദുർഘടാവസ്ഥയിൽ നിന്നു കരകയറാൻ കേന്ദ്ര സർക്കാർ ഇതിനകം കൈക്കൊണ്ട നടപടികൾ പരാജയമാണെന്നു രാഷ്ട്രീയ വൈരികൾക്ക് മാത്രമേ പറയാനാകൂ. ഫലം ലഭിച്ചുതുടങ്ങാൻ സമയമെടുക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കുകയാണു വേണ്ടത്.