പാലോട്: ക്ഷേമസമിതിയുടെ നേതൃത്വത്തിൽ 2003ൽ ചെറ്റച്ചൽ ഡെയറി ഫാമിന്റെ 28 ഹെക്ടർ ഭൂമി പതിച്ച് കിട്ടാനായി കുടിൽകെട്ടി സമരം ആരംഭിച്ചിട്ട് വർഷങ്ങളേറെയായെങ്കിലും ഇപ്പോഴും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാകാതെ കഴിയുന്നത് മുപ്പതോളം കുടുംബങ്ങൾ. വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ടാർപ്പോളിൻ കെട്ടിയ കുടിലുകളിൽ താമസിച്ചിട്ടും ഇവരെ സമരത്തിലേക്ക് എത്തിച്ചവർ ഭരണത്തിലെത്തിയിട്ടും ഇവരുടെ ദുരവസ്ഥ തുടരുകയാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അന്തിയുറങ്ങുന്ന ഇവരുടെ ജീവിതം ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. ഭൂമി പതിച്ച് കിട്ടാത്തതിനാൽ റേഷൻ ആനുകൂല്യങ്ങളും ലഭിക്കാറില്ല. താമസിക്കുന്ന ഭൂമിക്കും യാതൊരു രേഖകളുമില്ല. കൂടാതെ വീട്ടുനമ്പരും ലഭിച്ചിട്ടില്ല. വെള്ളവും വൈദ്യുതിയും ഇപ്പോഴും ഇവർക്ക് അന്യമാണ്. ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്ന ഇവരെ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടില്ല. കുടിലുകൾക്ക് വീട്ടുനമ്പർ ലഭിക്കാനായി വിതുര പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ കൈമലർത്തുകയാണുണ്ടായത്. കൊവിഡിന്റെ വരവോടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയത് ഇവിടെയുള്ള കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. ഇതിന് പരിഹാരമായി ടിവിയും സോളാർ പാനലും ഇവർക്ക് നൽകിയത് പാലോട് ജനമൈത്രി പൊലീസും പടക്കലൈസൻസികളുമാണ്.
സമരത്തിന്റെ 18 വർഷങ്ങൾ
18 വർഷമായി യാതൊരു വിധ നടപടികളോ ആനുകൂല്യങ്ങളോ ഇവിടെയുള്ളവർക്ക് എത്തിക്കാൻ സമരത്തിലേക്ക് വഴിയൊരുക്കിയവർ പോലും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭരണം മാറുംതോറും സമരത്തിന്റെ രീതിയും ഇവിടെ മാറിയിരുന്നു. രാഷ്ട്രീയ കക്ഷികൾ മാറി മാറി വരുമ്പോൾ സമര പരിപാടികൾക്കും വ്യത്യസ്തങ്ങളായ മുഖങ്ങളാണ്. രാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ ഇരയായത് വാഗ്ദാനങ്ങൾ വിശ്വസിച്ച് സമരത്തിനെത്തിയ മുപ്പതോളം കുടുംബങ്ങളാണ്.
സമരം ആരംഭിച്ചത് - 2003
സമരം ആരംഭിച്ചിട്ട് - 18 വർഷം
പ്രശ്നങ്ങൾ
സ്വന്തമായി ഭൂമിയില്ല
അടിസ്ഥാന സൗകര്യങ്ങളില്ല
ചോർന്നൊലിക്കുന്ന വീട്
വീട്ടുനമ്പർ ലഭിച്ചിട്ടില്ല
റേഷൻ ആനുകൂല്യങ്ങളില്ല
വൈദ്യുതിയും വെള്ളവുമില്ല
പൊട്ടൻചിറ സമരഭൂമിയിലെ മുപ്പതോളം കുടുംബങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധസമര പരിപാടികളുമായി മുന്നോട്ടു പോകും
ജി.സുരേന്ദ്രൻ നായർ,
പൊതുപ്രവർത്തകൻ