erangukadave

വക്കം: വക്കം ഇറങ്ങു കടവിൽ നടപ്പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് മറുപടിയില്ലാതെ അധികൃതർ. അഞ്ചുതെങ്ങ് കായലിൽ വക്കം- അ‌ഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇറങ്ങ് കടവ് കടത്ത്. ഒരേയൊരു വള്ളം മാത്രമാണ് ഇവിടെ കടത്തിനായി ഉള്ളത്. വക്കം ഗ്രാമപഞ്ചായത്തിനാണ് കടത്തിന്റെ മേൽനോട്ടം. ഇതിനായി സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്തിന് മുൻപും ശേഷവും കടവിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

മത്സ്യമേഖലയായ അഞ്ചുതെങ്ങിൽ നിന്ന് മത്സ്യവുമായി എത്തുന്നവർ കടത്ത് വള്ളത്തിനായി ഏറെ നേരം കാത്തിരിക്കണം. കാത്തിരിപ്പ് നീണ്ടതോടെ മത്സ്യ വില്പനക്കാർ ഈ വഴിയുള്ള യാത്ര പൂർണമായും ഒഴിവാക്കിയ മട്ടാണ്. യാത്രക്കാരുടെ കുറവ് വന്നതോടെ കടവ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ഒരു മാസത്തിന് മുമ്പ് സമീപത്തെ ഗുരുമന്ദിരത്തിന്റെ പൂട്ടുതകർത്ത് മോഷണം നടന്നിരുന്നു. ഇതിനെല്ലാം പരിഹാരമുണ്ടാകണമെങ്കിൽ പാലം നിർമ്മിക്കുകയാണ് ഏക പോംവഴി. എന്നാൽ നിവേദനങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന ഇടപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.