ഇന്ന് ലോക പ്രമേഹ ദിനം
നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്.നഴ്‌സും പ്രമേഹവുംഎന്നതാണ് ഈ വർഷത്തെ പ്രമേയം.
ഒരുവർഷത്തോളമായി ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിരന്തര പരിശ്രമങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെപ്പോലെ പ്രമേഹ രോഗികളും കൊവിഡിനെപ്പറ്റി ആശങ്കയിലാണ്. എന്നാൽ പേടികൂടാതെ ഈ ശത്രുവിനെ മുൻകരുതലോടെ അതിജീവിക്കാനാകും.
പ്രമേഹമുള്ളവരിലെ കൊവിഡ് സാദ്ധ്യത
പ്രമേഹമുള്ളതുകൊണ്ട് കൊവിഡ് വരാനുള്ള സാദ്ധ്യത ഇല്ല. എന്നാൽ പ്രമേഹമുള്ളവർ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരായാൽ രോഗ തീവ്രത വർദ്ധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് 1, മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രമേഹരോഗം. 25 വയസിനു താഴെയുള്ള ടൈപ്പ് 1 പ്രമേഹ ബാധിതരിൽ കൊവിഡ് ബാധിച്ചാൽ രോഗതീവ്രത വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇറ്റലി, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പരിശോധിക്കുമ്പോഴും ഇത് വ്യക്തമാണ്.
ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ ചിലരുടെ അവസ്ഥ കൊവിഡ് ബാധ ഉണ്ടായാൽ വഷളാകാറുണ്ട്. പ്രായക്കൂടുതൽ, പ്രമേഹത്താൽ ശരീരത്തിലെ പ്രതിരോധ ശേഷിയിലുള്ള വ്യതിയാനങ്ങൾ, പ്രമേഹത്തിന്റെ തോത് വർദ്ധിക്കുന്നത്, പ്രമേഹത്താലുണ്ടാകുന്ന ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സങ്കീർണതകളാണ് ഇവയ്ക്ക് കാരണം.
മുൻകരുതലുകൾ
ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡോളം കഴുകുക, കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, രണ്ടുമീറ്റർ ശാരീരിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക, അനാവശ്യമായി വീട്ടിൽ നിന്നു പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ പൊതുജനാരോഗ്യനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇവ എല്ലാവർക്കും ബാധകമാണെങ്കിലും പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഇത് നിർബന്ധമാണ്.
കൊവിഡ് സങ്കീർണത ഒഴിവാക്കാൻ
പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുന്നതിലൂടെ കൊവിഡിന്റെ നില വഷളാകുന്നത് തടയാനാകും. പ്രമേഹം നിയന്ത്രിതമാണോ എന്ന് ലളിതമായ ഗ്ളൈകോസിലേറ്റഡ് ഹീമോഗ്ളോബിൻ (എച്ച്‌ബി എ 1സി) പരിശോധനയിലൂടെ മനസിലാക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ മൂന്നുമാസത്തെ ശരാശരി അളവാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്.
നിങ്ങളുടെ പ്രമേഹം ഈ തോതിലധികമാണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ കൂടുതൽ ഫലപ്രദമാക്കണം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ച് നാം പ്രമേഹം പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആഹാരം കഴിക്കുന്നതിനു മുമ്പുള്ള പരിശോധനയിലെ അളവ് 100 എംജി / ഡിഎൽ (മില്ലിഗ്രാം പെർ ഡെസിലിറ്റർ) നും 110നും ഇടയ്ക്കും, ആഹാരശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് പരിശോധിക്കുമ്പോൾ 140 എംജി / ഡിഎൽ നും അടുത്താണെങ്കിൽ പ്രമേഹ നിയന്ത്രണം നല്ലരീതിയിലാണെന്നത് വ്യക്തമാണ്.
കൊവിഡ് ബാധിക്കുമ്പോൾ
പ്രമേഹ രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചോ അല്ലാതെയോ ആണ് കൊവിഡ് വന്നുപോകുന്നത്. ചെറിയ കൊവിഡ് ഇൻഫെക്ഷനിലും പ്രമേഹത്തെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകാനാകും. കൊവിഡ് ബാധിതരായാലും പ്രമേഹ രോഗത്തിനു നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ കൃത്യമായി തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ ഓരോ ആറുമണിക്കൂറിലും 110 - 180 എംജി / ഡിഎൽ നും ഇടയിൽ നിലനിറുത്തുക. ഇൻസുലിൻ എടുക്കാത്തവർ ഒരു ദിവസം രണ്ടുപ്രാവശ്യം പരിശോധിച്ചാൽ മതിയാകും.
പ്രമേഹമുള്ളവരിൽ കൊവിഡ് / മറ്റു അണുബാധയാലുള്ള അപകട സാദ്ധ്യത
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനം ഉണ്ടാകുക. 70 എംജി / എൽ നു താഴെയോ 250ന് മുകളിലോ ആകുക. മൂത്രത്തിലെ ആസിഡിന്റെ അംശം (കീറ്റോൺസ് പോസിറ്റീവാകുന്നത്) വർദ്ധിക്കുക, ആഹാരം കഴിക്കാനാകാത്തതിലുള്ള ക്ഷീണം, ദാഹം, ബോധം കുറയുന്ന അവസ്ഥ എന്നിവ അപകടകരമാണ്.
കൊവിഡ് ബാധിച്ചാൽ
ദീർഘകാലത്തേക്ക് കൊവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ പൊതുവേ കണ്ടുവരുന്നുണ്ട്. വിശദ അവലോകനത്തിനുള്ള പല പഠനങ്ങളും നടന്നുവരികയാണ്. എന്നിരുന്നാലും ഓർമ്മക്കുറവ്, തലച്ചോറിന്റെ പ്രവർത്തനത്തിലെ ചെറിയ അപചയം, ശ്വാസകോശത്തിലെ പലതരത്തിലുള്ള അണുബാധ തുടങ്ങിയവ പരക്കെ കണ്ടുവരുന്നുണ്ട്.
പ്രമേഹമുള്ളവർ കൊവിഡിനെ പേടിക്കേണ്ടതില്ല. ശത്രുവിനെ മനസിലാക്കി കീഴടക്കുകയാണ് വേണ്ടത്.
(കിംസ് ഹെൽത്ത് ഡയബെറ്റിക്സ് & എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൽട്ടന്റാണ് ലേഖകൻ)