local-body-election

കിളിമാനൂർ:ചുവപ്പിനെ മാത്രം പ്രണയിച്ച ചരിത്രമുള്ളതുകൊണ്ടാകാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിലേക്ക് ഷുവർ സീറ്റ് പ്രതീക്ഷിച്ച് പുറമെ നിന്നുള്ള ഒരാളെ സി.പി.എം കിളിമാനൂർ ജില്ലാ ഡിവിഷനിലേക്ക് മത്സരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതു മുതൽ ഇടതിനെ കൈവിടാത്ത കിളിമാനൂർ ഡിവിഷൻ പിടിച്ചെടുക്കാനുള്ള ദൗത്യം സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റിയംഗവും പി.കെ.എസ് ജില്ലാ പ്രസിഡന്റുമായ എസ്.സുനിൽകുമാറിനെ

ഏല്പിച്ചിരിക്കുന്നത്. കിളിമാനൂർ പിടിച്ചെടുക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.ജി.ഗിരികൃഷ്ണനെയാണ്.ബി.ജെ.പി ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.പ്രദീപ് കുമാറിനെയാണ് എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത്.

ചിറയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന സുനിൽ കുമാർ ബിരുദാനന്ദ ബിരുദധാരിയും പാരലൽ കോളേജ് അദ്ധ്യാപകനുമാണ്.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പതിനാറാം വയസിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി പ്രവർത്തനം ആരംഭിച്ച ജി.ജി.ഗിരികൃഷ്ണൻ കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന പ്രസിഡന്റാണ്.

എസ്.പ്രദീപ് കുമാർ ഭാരതീയ വിദ്യാനികേതൻ ആറ്റിങ്ങൽ ഉപജില്ലാ കോ ഒാർഡിനേറ്ററായി നാല് വർഷം സംഘ പ്രവർത്തനത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി.ബി.ജെ.പി നഗരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.ചെമ്മരത്ത് മുക്ക് സരസ്വതി വിദ്യാ നികേതൻ സ്കൂളിന്റെ ചുമതലയും വഹിക്കുന്നു.

ചരിത്രം

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ പഴയകുന്നുമ്മൽ,കിളിമാനൂർ,പുളിമാത്ത്,നഗരൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കരവാരം പഞ്ചായത്തിലെ 9 വാർഡുകളും ചേർന്നതാണ് കിളിമാനൂർ ഡിവിഷൻ,9687 വോട്ടിന്റെ മികച്ച ഭൂരിപക്ഷം സമ്മാനിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഡി. സ്മിത തിരഞ്ഞെടുക്കപ്പെട്ടത്.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ ഒരാളെയാണ് കിളിമാനൂർ ജില്ലാ ഡിവിഷനിലേക്ക് പരിഗണിച്ചിരുന്നത്.എന്നാൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷപദവി പട്ടികജാതി സംഭരണമായതോടെ അദ്ദേഹം പിൻമാറുകയായിരുന്നത്രേ.തുടർന്നാണ് സി.പി.എം മംഗലപുരം എരിയാ കമ്മിറ്റി അംഗത്തെ പരിഗണിച്ചത്. ഇദ്ദേഹമായിരിക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം പ്രതിനിധി എന്നാണ് അറിവ്.