diabetics

കൊവിഡ് ബാധിക്കുന്ന പ്രമേഹരോഗികളുടെ മരണനിരക്ക് മറ്റേത് രോഗികളെക്കാൾ അധികമാണെന്ന നിരീക്ഷണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയാനും ശ്രദ്ധിക്കാനും ഈ ദിനം ഉപകാരപ്പെടട്ടെ.

പ്രമേഹം ബാധിച്ചിട്ട് എത്ര നാളായി? എന്തൊക്കെ ബുദ്ധിമുട്ടുകൾക്ക് രോഗം കാരണമുണ്ടായിട്ടുണ്ട് ? പ്രമേഹം നിയന്ത്രണ വിധേയമാണോ?​ ചികിത്സ ഫലപ്രദമായി നടക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ളതാണ്.കൊവിഡ് പശ്ചാത്തലത്തിൽ പ്രമേഹ ചികിത്സ തടസപ്പെട്ടിട്ടുണ്ടെങ്കിൽ അത് ശരിയാകില്ല എന്നാണ് പറഞ്ഞു വരുന്നത്.

കേരളത്തിൽ 60 വയസ്സിന് മുകളിലുള്ള നിരവധി പേർ പ്രമേഹത്തിനൊപ്പം രക്തസമ്മർദ്ദവും കൂടിയുളളവരാണ്. ഇത്തരക്കാർക്ക്
കൊവിഡ് ബാധിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അപ്പോൾ ഇവ രണ്ടും നിയന്ത്രണത്തിലില്ലാത്തവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..

അതിനാൽ പ്രമേഹകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

പ്രമേഹം മെറ്റബോളിക് ഡിസോർഡർ കാരണം ഉണ്ടാകുന്ന രോഗമാണ്. അതായത് നാം കഴിക്കുന്ന ആഹാരത്തിനുണ്ടാകേണ്ട ദഹനപചനപ്രക്രിയകൾ ശരിയായി നടക്കാത്തതാണ് ഇതിന് കാരണം.

രക്തത്തിലെ ഷുഗറിന്റെ അളവ് വർദ്ധിക്കുമെന്നത് മാത്രമല്ല,​ മറ്റു പല പ്രധാന അവയവങ്ങളുടേയും പ്രവർത്തനത്തെ പ്രമേഹം ബാധിക്കും. എന്നാൽ രോഗിയും അതുപോലെ പല ഡോക്ടർമാരും രക്തത്തിലെ ഷുഗർ കുറയാനുള്ള ചികിത്സയ്ക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്. പ്രമേഹരോഗിയുടെ ഷുഗർ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രാധാന്യം നൽകേണ്ടത് മെറ്റബോളിസം ശരിയാക്കുക എന്നത് തന്നെയായിരിക്കണം. അതിലൂടെ മാത്രമേ പ്രമേഹത്തെ ശരിയായി നിയന്ത്രിക്കാൻ കഴിയൂ.

ടൈപ്പ് 1 ,ടൈപ്പ് 2 എന്നിങ്ങനെ പ്രധാനമായി രണ്ടുതരം പ്രമേഹമുണ്ട്. കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ടൈപ്പ് ഒന്ന് പ്രമേഹത്തിൽ ഇൻസുലിൻതന്നെയാണ് പ്രധാന ചികിത്സ.

ടൈപ്പ് 2 മുതിർന്നവരിൽ ഉണ്ടാകുന്ന പ്രമേഹമാണ്. ഭക്ഷണം ക്രമീകരിച്ചും, വ്യായാമം ചിട്ടപ്പെടുത്തിയും, മരുന്ന് കൃത്യമായി ഉപയോഗിച്ചും ഇത് നിയന്ത്രിക്കാം.

ആഹാരം കഴിച്ച് 12 മണിക്കൂറിന് ശേഷമുള്ള ഫാസ്റ്റിംഗ് ഷുഗർ 70 മുതൽ 100 mg/dl വരെയും ആഹാരത്തിന് രണ്ടുമണിക്കൂർ ശേഷം 140 വരേയും നോർമൽ ആണ്. 100 മുതൽ 126 വരെയുള്ള ഫാസ്റ്റിംഗ് ഷുഗറും 160 മുതൽ 200 വരെയുള്ള പോസ്റ്റ് പ്രാന്റിയൽ ബ്ലഡ് ഷുഗറും പ്രമേഹത്തിന്റെ സാധ്യതയെ ( പ്രീഡയബെറ്റിക് ) കാണിക്കുന്നു. ഇതിനു മുകളിൽ ഷുഗറിന്റെ അളവ് കണ്ടാൽ മരുന്ന് നിർബന്ധമാണ്. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 200 ന് മുകളിൽ ഒരു മാസം ഷുഗർ ലെവൽ തുടർച്ചയായി നിന്നാൽ സെക്കണ്ടറി കോംപ്ലിക്കേഷൻസ് ഉണ്ടാകും.
കാഴ്ച വൈകല്യങ്ങൾ (ഡയബറ്റിക് റെറ്റിനോപ്പതി ), ഞരമ്പുകളെ ബാധിക്കുന്ന വാതരോഗങ്ങൾ (ഡയബറ്റിക് ന്യൂറോപ്പതി ) ,കിഡ്നിയെ ബാധിക്കുന്ന അവസ്ഥ (ഡയബെറ്റിക് നെഫ്രോപ്പതി ) എന്നിവയാണ് പ്രമേഹത്തിന്റെ സെക്കണ്ടറി കോംപ്ലിക്കേഷനുകൾ. മറ്റു പല ബുദ്ധിമുട്ടുകളും ഇതുകൂടാതെ ഉണ്ടാകും.

കാരണങ്ങൾ

ശാരീരിക അദ്ധ്വാനം വളരെ കുറവുള്ള ജോലികളിലേക്ക് മനുഷ്യൻ യന്ത്രസഹായത്തോടെ മാറിയത്,​ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും യന്ത്രങ്ങളുടെ അമിതമായ ഉപയോഗം, ആഹാരരീതിയിൽ വന്ന അനാരോഗ്യകരമായ മാറ്റങ്ങൾ, മാനസികസമ്മർദ്ദം, പുകവലിയും മദ്യപാനവും ഉൾപ്പെടെ ലഹരി അടങ്ങിയ പാനീയങ്ങളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം പ്രമേഹത്തിന് കാരണമാണ്.

പാരമ്പര്യമായി പ്രമേഹരോഗമുള്ള കുടുംബാംഗങ്ങൾക്കും വേണ്ടത്ര അദ്ധ്വാനമില്ലാത്തവർക്കും മാനസികസമ്മർദ്ദം ഉള്ളവർക്കും ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിട്ടുള്ളവർക്കും അവരുടെ കുട്ടികൾക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ

അമിതമായ ക്ഷീണം, വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കൈകാലുകളിൽ തരിപ്പും മരവിപ്പും, മുറിവുകൾ ഉണങ്ങാനുള്ള കാലതാമസം, കാഴ്ച മങ്ങുക, മൂത്രത്തിനും വായിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ, കൺപോളകളിൽ ഉണ്ടാകുന്ന കുരുക്കൾ, തൊലിപ്പുറത്ത് പ്രത്യേകിച്ചും ഗുഹ്യഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ, ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ തുടങ്ങിയവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണമുള്ളവർ പ്രമേഹരോഗമുണ്ടോ എന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ചിലപ്പോൾ അപകടകരമായ രീതിയിൽ കുറയാറുണ്ട്. ഇൻസുലിൻ ഷോക്ക് എന്നാണിതിന് പേര്. അമിതമായ വിയർപ്പും വിശപ്പും നെഞ്ചിടിപ്പും തളർച്ചയും തലചുറ്റലും ബോധക്കേടും ജന്നിയും വരാവുന്നതാണ്. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പഞ്ചസാര ചേർത്ത പാനീയമോ, മറ്റ് ആഹാരമോ, മിഠായിയോ, പഞ്ചസാര തന്നെയോ കഴിക്കേണ്ടതാണ്. ഇപ്രകാരം ഒരാൾ ബോധം കെട്ടു വീണാൽ അവരുടെ നാവിനടിയിൽ ശ്വാസമെടുക്കാൻ ശ്വാസമെടുക്കാൻ തടസപ്പെടാത്ത വിധം പഞ്ചസാരയോ ഗ്ലൂക്കോസോ ഇട്ടു കൊടുക്കാൻ കണ്ടു നിൽക്കുന്നവർ തയ്യാറാകണം.

പ്രമേഹരോഗികൾ

ശ്രദ്ധിക്കേണ്ടത്

പ്രമേഹരോഗി കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഇൻസുലിൻ ഉപയോഗിക്കുന്നവർ ഒരു കാരണവശാലും ഭക്ഷണം താമസിക്കരുത്.

മൂന്നുനേരം കഴിയ്ക്കാനുള്ള ആഹാരം 5 നേരമായി കഴിച്ചാൽ മതി.

രാവിലെ വെറുംവയറ്റിൽ ചായയ്ക്കും കാപ്പിക്കും പകരം മൂന്ന് മുതൽ അഞ്ച് നെല്ലിക്കയുടെ നീരിൽ രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കണം.

കാഴ്ച ശക്തി കൂട്ടാൻ ആയുർവേദ തുള്ളിമരുന്ന് കണ്ണിൽ ഇറ്റിക്കണം.

കാൽ പാദങ്ങൾ സംരക്ഷിക്കണം. വേദനാസംഹാരികളും ആന്റിബയോട്ടിക് പോലുള്ള മരുന്നുകളും ഉപയോഗിക്കുമ്പോൾ പ്രമേഹമുണ്ടെന്ന കാര്യം ഡോക്ടറോട് പ്രത്യേകം സൂചിപ്പിക്കണം.അത്തരം മരുന്നുകൾ ഉപയോഗിക്കാൻ ഇടയാക്കുന്ന സാഹചര്യമുണ്ടാകാതെ പരമാവധി ശ്രദ്ധിക്കണം.

മൂത്ര വർദ്ധനവിനെ ഉണ്ടാക്കുന്ന ആഹാരവും ഔഷധവും പ്രമേഹത്തെ വർദ്ധിപ്പിക്കും. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചവയും കരിക്കിൻ വെള്ളവും ഒഴിവാക്കണം

രാത്രിയിൽ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവയുടെ ഉപയോഗം ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ശീലിക്കണം.പേരയ്ക്ക ,ഓമയ്ക്ക (പപ്പായ ), മൊന്തൻപഴം, പടറ്റി ( കരിങ്കദളി ) തുടങ്ങിയ മധുരം കുറഞ്ഞ പഴങ്ങൾ അധികം പഴുക്കുന്നതിന് മുമ്പ് ഉപയോഗിക്കാം.കിഴങ്ങുവർഗ്ഗങ്ങൾ, അരി, ഗോതമ്പ്,മൈദ, എണ്ണ, മുട്ട,തൈര്, ഉഴുന്ന് ഇവ പരമാവധി കുറയ്ക്കുക. പഞ്ചസാര, ശർക്കര, കരുപ്പട്ടി, തേൻ, കൃതൃമമധുരം ഇവ ഒഴിവാക്കുക. പച്ചക്കറികൾ (പച്ചയായും പാകപ്പെടുത്തിയും) ധാരാളം ഉപയോഗിക്കുക. ഷുഗറിന്റെ അളവ് കുറയുവാൻ എന്ന രീതിയിൽ ഗ്ലാസ്സ് കണക്കിന് പാവയ്ക്കാ ജ്യൂസും പല തരം ഇലകളും നിത്യവും ഉപയോഗിക്കരുത്.
ഭക്ഷണമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അധികമാകുന്നത് നന്നല്ല.

ബിസ്ക്കറ്റ്, ബ്രെഡ്, കേക്ക്, പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും അടങ്ങിയവ, കോള,മദ്യം എന്നിവയൊന്നും കഴിക്കരുത്. പുകവലിക്കുന്നവർ പ്രമേഹം സ്ഥിരീകരിച്ച അന്നു തന്നെ അത് നിർത്തണം. ഒരു മാസത്തിൽ ഒരിക്കലെങ്കിലും ആഹാരത്തിന് മുമ്പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കണം. അതിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം.എന്നാൽ മരുന്നിൽ മാറ്റം വരുത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യേണ്ടത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം.

ആയുർവേദ മരുന്നുകൾ കൂടി ഉൾപ്പെടുത്തി പ്രമേഹരോഗത്തെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാം.