തിരുവനന്തപുരം:വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് തുടക്കമായി.കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളില്ലെങ്കിലും ഇനി ഭക്തിയുടെ പത്ത് ദിനങ്ങൾക്കാകും വെട്ടുകാട് സാക്ഷിയാവുക. വൈകിട്ട് 5.30ന് ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.ജോർജ് ജെ ഗോമസ് കൊടിയേറ്റി.ഇടവക പാരീഷ് കൗൺസിൽ അംഗങ്ങൾ, സംഘടനാപ്രതിനിധികൾ എന്നിവർക്ക് മാത്രമാണ് ദേവാലയത്തിൽ പ്രവേശനം അനുവദിച്ചത്. 22 വരെയാണ് തിരുനാൾ. തിരുനാൾ ദിനങ്ങളിൽ രാവിലെ 6.30നും 8.30നും 11.30നും വൈകിട്ട് 3.30നും 5.30നും സമൂഹദിവ്യബലിയും രാത്രി 7ന് ക്രിസ്തുരാജ പാദപൂജയുമുണ്ടാകും.രാവിലെ 6.30നും 8.30നും നടക്കുന്ന ദിവ്യബലിയിൽ ഇടവകക്കാർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.11.30നും 3.30നും നടക്കുന്ന ദിവ്യബലിയിൽ തീർത്ഥാടകർക്ക് പങ്കെടുക്കാം. പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്കേ പ്രവേശനം ഉണ്ടാകൂ. വൈകിട്ട് 5.30ന് പ്രത്യേക നിയോഗങ്ങൾക്കു വേണ്ടിയാണ് ദിവ്യബലി.
പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും വൊളന്റിയർമാരും ചേർന്ന് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കും.
ചടങ്ങുകൾ ലൈവായി കാണാം
ദിവ്യബലിയും മറ്റ് ചടങ്ങുകളും ലൈവായി കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മാദ്രേ ദെ ദേവൂസ് ദേവാലയം ഫേസ്ബുക്ക് പേജിലും 'ക്രൈസ്റ്റ് ദ കിംഗ് വെട്ടുകാട്' എന്ന യൂട്യൂബ് ചാനൽ വഴിയും ലൈവായി തിരുനാളിൽ പങ്കെടുക്കാം.