1990 ലെ ശിശുദിനത്തിൽ ദൂരദർശന്റെ തളിരുകൾ എന്ന കുട്ടികളുടെ പരിപാടിയുടെ അവതാരകയായി എത്തിയ യു.കെ.ജിക്കാരിയായ കൊച്ചുമിടുക്കിയെ അറിയുമോ? അറിയില്ലെങ്കിൽ കൊച്ചുകൂട്ടുകാർക്ക് ഒരു ക്ളൂ തരാം.ആളിപ്പോൾ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.എന്നിട്ടും പിടികിട്ടിയില്ലേ?
കണ്ടുപിടിച്ചേ...
വർഷങ്ങളോളം ശിശുദിന പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന കൊച്ചുമിടുക്കി ഇപ്പോൾ വളർന്ന് മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥയായി മാറി. പേര് ദിവ്യ എസ്.അയ്യർ. നിലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറാണ്. അരുവിക്കര എം.എൽ.എ കെ.എസ് ശബരീനാഥനാണ് ഭർത്താവ്. ഏഴാം ക്ലാസുവരെ തുടർച്ചയായി ശിശുദിന പരിപാടികളിൽ പങ്കെടുക്കുമായിരുന്നെന്ന് ദിവ്യ പറയുന്നു.1990 ലെ ശിശുദിനത്തിൽ ദൂരദർശന്റെ തളിരുകൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിനെപ്പറ്റി ദിവ്യ പറയുന്നു' അന്ന് ഹോളി ഏഞ്ചൽസ് സ്‌കൂളിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന യു.കെ.ജിയിലെ കുട്ടികളെ ഓരോരുത്തരെയായി അദ്ധ്യാപകർ ഓഫീസിലേക്ക് വിളിച്ചു.തളിരുകൾ എന്ന വാക്ക് നന്നായി ഉച്ചരിക്കുന്നവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഞാൻ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ അഞ്ചാം വയസിൽ ശിശുദിനത്തിൽ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തി. തൊട്ടടുത്ത വർഷം മുതൽ ശിശുക്ഷേമ സമിതിയുടെ പ്രസംഗമത്സരങ്ങളിൽ സമ്മാനം വാങ്ങി.