n

തിരുവനന്തപുരം: കൊച്ചി കസ്റ്റംസ് ഓഫീസിനു സമീപത്തെ റോഡിലൂടെ ചക്രവണ്ടിയിൽ നിരങ്ങി എത്തി പൊലീസ് ബാരിക്കേഡിനു മുന്നിൽ പകച്ച് നിൽക്കുകയും എസ്.ഐയും പൊലീസുകാരനും ചക്രവണ്ടിയോടെ എടുത്തുയർത്തി ബാരിക്കേഡ് കടത്തി വിടുകയുംചെയ്ത ഭിന്നശേഷിക്കാരിയായ യുവതി എവിടെ? പൊലീസ് അന്വേഷിക്കുകയാണ്, സഹായം നൽകാൻ. പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഇവരെ സഹായിക്കാൻ സുമനസുകൾ മത്സരിക്കുകയാണ്.

ഇതിനു നിമിത്തമായത് ഈ മാസം പത്തിന് കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ചിത്രം.

തലേന്ന് മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ റോഡ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരുന്നു. അതറിയാതെയാണ് യുവതി എത്തിയത്. എസ്.ഐ എം.പ്രദീപും സിവിൽ പൊലീസ് ഓഫീസർ ദീപുവും ചേർന്ന് ചക്രവണ്ടിക്കൊപ്പം ഉയർത്തി ബാരിക്കേഡ് കടത്തി വിട്ടു. ഈ നിമിഷങ്ങൾ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസാണ് പകർത്തിയത്. 'കേരളകൗമുദി' യു ട്യൂബ് ചാനലിൽ വന്ന വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചേർക്കുകയായിരുന്നു.

വീഡിയോയുടെ കമന്റുകളായാണ് സഹായ വാഗ്ദാനങ്ങൾ വന്നത്. 'അവർക്കൊരു വീൽ ചെയ്യാൻ ലൈക്കടിക്കുക' എന്ന ബബീഷിന്റെ കമന്റിന് ലൈക്കടിച്ചത് 479 പേരാണ്. റോയ് തോമസിന്റെ കമന്റ്: പുതിയ വീൽചെയർ എന്റെ കൈയ്യിലുണ്ട്. ഫോൺ നമ്പർ....'

ജെസിം സക്കറിയ എഴുതിയത് 'വീൽ ചെയർ ഞാൻ കൊടുക്കാം...' ഇലക്ട്രിക് വീൽ ചെയറാണ് നൽകേണ്ടതെന്ന് ജോയി. ഏതു സഹായത്തിനും തയ്യാറായി മുജീബ് റഹ്മാൻ 'ഒരു ദിവസത്തെ ശമ്പളം നൽകാൻ തയ്യാറാണെന്ന് എം.പി. ഷാജി ഇതോടെയാണ് പൊലീസ് അവരെ തിരഞ്ഞിറങ്ങിയത്.വീടോ പേരോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അറിയിക്കൂ

ഈ യുവതിയുടെ പേരും ഫോൺ നമ്പരും വിലാസവും അറിയാമെങ്കിൽ ആർക്കും അത് പൊലീസിന് കൈമാറാം. സോഷ്യൽ മീഡിയ ഫോൺ:9497900440