തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും. മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്‌കാരം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിതരണം ചെയ്യും. കെയർ ഗ്രേസ് മെഡിക്കൽ കിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാർ ഡോ. നരസിംഹു ഗാരി.ടി.എൽ.റെഡി നിർവഹിക്കും. കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി ഇൻചാർജ് സജ്ജാദ്.കെ നന്ദിയും പറയും. 20ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.