തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തവരിൽ ദർശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ മാസം 16ന് ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, റവന്യു (ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, സംസ്ഥാന ഹെൽത്ത് മിഷൻ ഡയറക്ടർ രത്തൻകേൽക്കർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു പ്രധാന തീരുമാനങ്ങൾ:
പ്രവേശനം പൂർണമായും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ.
ദർശനത്തിന് സാമൂഹ്യ അകലം.
60നും 65നും മദ്ധ്യേ പ്രായമുള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.
തീർത്ഥാടകർ 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലും എല്ലാ ബസ് സ്റ്റാന്റുകളിലും ആന്റിജൻ ടെസ്റ്റ്. നിലയ്ക്കലും പമ്പയിലും കൊവിഡ് ടെസ്റ്റിംഗ് കിയോസ്ക്.
തീർത്ഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ നെഗറ്റീവ് ആകുന്നതുവരെ ചികിത്സ.
മാദ്ധ്യമങ്ങളിലെയും മറ്റ് വകുപ്പുകളിലെയും പരിമിത എണ്ണം ജീവനക്കാർക്ക് സ്റ്റേ അനുവദിക്കും. ഐഡന്റിറ്റി കാർഡുകളും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
മല കയറുമ്പോൾ മാസ്ക് നിർബന്ധമല്ല. ഉപയോഗിച്ച മാസ്ക് ശേഖരിച്ച് നശിപ്പിക്കാൻ സൗകര്യം.
കടകളിൽ സാനിറ്റൈസറുകളും മാസ്കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ പ്രവർത്തിപ്പിക്കും.
സാമൂഹ്യ അകലം പാലിച്ച് അന്നദാനം നടത്തും. പമ്പയിൽ 200 രൂപ അടച്ചാൽ സ്റ്റീൽ പാത്രത്തിൽ ചുക്ക് വെള്ളം . പാത്രം തിരികെ ഏൽപ്പിച്ചാൽ രൂപ തിരികെ നൽകും.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ദേവസ്വം ബോർഡ് മെസിൽ ഭക്ഷണം. ടോയ്ലെറ്റുകളുടെ പ്രവർത്തനം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് നിരീക്ഷിക്കും.
സുരക്ഷ നാല് എസ്.പിമാരുടെ നേതൃത്വത്തിൽ
തിരുവനന്തപുരം: മണ്ഡലകാലം 16ന് ആരംഭിക്കാനിരിക്കെ ശബരിമലയിൽ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഒരുക്കും. മകര വിളക്കു കാലത്ത് നാലു ഘട്ടമായാണ് ക്രമീകരണം. ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേൽനോട്ടം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ദർശന ക്രമീകരണം. നാളെ മുതൽ നവംബർ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ എസ്.പിമാരായ ആർ. സുകേശൻ, ബി. കൃഷ്ണകുമാർ എന്നിവർക്കാണ് സന്നിധാനത്തെ ചുമതല. കെ.എം. സാബുമാത്യു, കെ.എൽ. ജോൺകുട്ടി എന്നിവർക്ക് പമ്പയുടെ ചുമതല. ഡിസംബർ ഒന്നു മുതൽ 15 വരെ സന്നിധാനത്ത് ബി.കെ. പ്രശാന്തൻ കാണിയും കെ.എസ്. സുദർശനനും പമ്പയിൽ കെ.കെ. അജി, എ. ഷാനവാസ് എന്നിവർക്കും ചുമതലയുണ്ടാകും. ഡിസംബർ 16 മുതൽ 31 വരെ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവർക്ക് സന്നിധാനത്തെയും എം.സി. ദേവസ്യ, എസ്. ദേവമനോഹർ എന്നിവർക്ക് പമ്പയുടെയും ചുമതല. അവസാന ഘട്ടത്തിൽ എസ്. നവനീത് ശർമ, ഇ.എസ്. ബിജിമോൻ, വി. അജിത്ത് എന്നിവർക്ക് സന്നിധാനത്തേയും കെ. രാധാകൃഷ്ണൻ, ജോസി ചെറിയാൻ എന്നിവർക്കു പമ്പയിലേയും ചുമതല നൽകി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പൊലീസുകാരുടെ വിന്യാസ നടപടികളും പൂർത്തിയായി.