തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് ആദ്യം രാജി വയ്ക്കേണ്ടത്. മുഖ്യമന്ത്രി ഇനിയും രാജിവച്ചില്ലെങ്കിൽ കൂടുതൽ അപമാനം സഹിച്ച് പുറത്തു പോകേണ്ടി വരും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലുമുണ്ടായിട്ടില്ലാത്ത സ്വർണക്കടത്തും ഹവാല ഇടപാടുകളും ഡോളർ കൈമാറ്റവുമുൾപ്പെടെയുള്ള കാര്യങ്ങൾ നടന്നത്. പാർട്ടി സെക്രട്ടറി മുമ്പും ചികിത്സയ്ക്ക് പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോൾ പൊടുന്നനെ സ്ഥാനം രാജിവയ്ക്കുന്നത് പാർട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്.
മയക്ക് മരുന്ന് കച്ചവടമായിരുന്നു പാർട്ടി സെക്രട്ടറിയുടെ മകൻ നടത്തിക്കൊണ്ടിരുന്നത്. പാർട്ടി വേറെ, മകൻ വേറെ എന്നായിരുന്നു നേരത്തെ പറഞ്ഞ് കൊണ്ടിരുന്നത്. അത് പൊളിഞ്ഞു. മകൻ തെറ്റു ചെയ്താൽ പാർട്ടി സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ടെന്ന് സമ്മതിക്കുന്നതാണ് രാജിയെന്നും ചെന്നിത്തല പറഞ്ഞു.