തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് വ്യാപനം കൂട്ടാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യവകുപ്പും പെടാപ്പാട് പെടുമ്പോഴും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിലും സ്ഥാനാർത്ഥികളുടെ വോട്ട് പിടിത്ത യാത്രകളിലും നിയന്ത്രണങ്ങളൊന്നും പാലിക്കുന്നില്ല.
ആൾക്കൂട്ടത്തോടെയുള്ള ഭവനസന്ദർശനവും നോട്ടീസ് വിതരണവും കവലകളിൽ ഹസ്തദാനവും ഒക്കെയായി പ്രചാരണം പഴയ മട്ടിൽ തന്നെ. വാട്സാപ്പും ഫെയ്സ് ബുക്കും മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളും നമുക്ക് ചേരില്ലെന്ന മട്ടാണ് സ്ഥാനാർത്ഥികൾക്ക്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ ഫീലിംഗ് ഇല്ലെന്നാണ് സ്ഥാനാർത്ഥികൾ പരയുന്നത്. അതുകൊണ്ട് നേരിട്ട് കല്യാണം വിളിക്കുന്ന പോലുള്ള പ്രചാരണമാണ് നടക്കുന്നത്.
വോട്ട് ചോദിക്കാൻ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല, മാസ്‌ക് നിർബന്ധം, അടിക്കടി സാനിറ്റൈസർ കൈയിൽ പുരട്ടണം, വീട്ടിൽ കയറരുത്. പുറത്തു നിന്ന് വോട്ട് ചോദിക്കണം. കുട്ടികളെ തൊടരുത്. വോട്ടർക്ക് സ്ഥാനാർത്ഥി കൈകൊടുക്കരുത്, കഴിയുന്നതും നോട്ടീസ് നൽകരുത്... ഇങ്ങിനെ പോകുന്നു നിയന്ത്രണങ്ങൾ. ഒരു സ്ഥാനാർത്ഥിയും ഇത് കേട്ട മട്ടില്ല.
രാവിലെ മുതൽ വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥികളുടെ ജാഥയാണ്. ക്ഷേത്രങ്ങൾക്ക് മുന്നിലും പള്ളികളിലുമെല്ലാം ജനക്കൂട്ടമുണ്ട്. വീടുകളിലേക്കും കൂട്ടമായുളള വോട്ട് യാത്രയാണ്.കൊവിഡ് ബാധിച്ചാലും പോസ്റ്റൽ വോട്ട് ചെയ്യാമെന്ന വ്യവസ്ഥ അനുഗ്രഹമായാണ് കാണുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംവിധാനമില്ല. തദ്ദേശസ്ഥാപനങ്ങളിൽ അദ്ധ്യക്ഷൻമാരും അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് കൊവിഡ് നിയന്ത്രണ സമിതിയിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥ ഭരണമായതോടെ ഉദ്യോഗസ്ഥർ ഒറ്റയ്ക്കാണിപ്പോൾ കൊവിഡ് നിയന്ത്രണം. ഇതോടെ സാമൂഹ്യനിയന്ത്രണം ഇല്ലാതായി. പൊലീസിനും ഇടപെടാൻ പരിമിതിയുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥികളെ കൊവിഡിന്റെ പേരിൽ നിയന്ത്രിച്ചാൽ എതിർപ്പ് രാഷ്ട്രീയമാകും. അത് ഭരണക്കാർക്ക് വിനയാകും. ജനങ്ങൾ തെറ്റിദ്ധരിച്ചേക്കും. അതിനാൽ പൊലീസും കൊവിഡ് നിയന്ത്രണത്തിൽ തണുത്ത മട്ടിലാണ്. രാഷ്ട്രീയക്കാരെ നിയന്ത്രിക്കാൻ ആരോഗ്യ പ്രവർത്തകർക്കാകില്ല. അവർക്ക് ചെയ്യാവുന്നതിലേറെ പണിയുമുണ്ട്.
കൊവിഡിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് സ്വയം നിയന്ത്രണം നടപ്പാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റിന്റെയും നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ ചെലവ് നിരീക്ഷിക്കാനും ഒരുക്കങ്ങൾ പൂർത്തിയാക്കാനുമുള്ള തിരക്കിലാണ്.
നവംബറിൽ ഇതുവരെ 69,614 പേർക്ക് കൊവിഡ് ബാധിച്ചു. പ്രതിദിന രോഗവ്യാപനം 13.5ൽ നിന്ന് 9.24 ശതമാനമായി കുറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് വർദ്ധിക്കുമോ എന്നാണ് ആശങ്ക.