തിരുവനന്തപുരം: പേരു ചേർക്കേണ്ട അവസാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് വോട്ടുകൾ വോട്ടർപട്ടികയിൽ തിരുകി കയറ്റി സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കി. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വോട്ട് ഇരട്ടിപ്പ് നടന്നത്. പോസ്റ്റൽ വോട്ടിന്റെ മറവിൽ 60 വയസിന് മുകളിലുള്ളവരുടെ വോട്ട് റാഞ്ചാനുള്ള സി.പി.എം ശ്രമത്തെ ചെറുക്കും.
ബി.ജെ.പിയെ തോൽപ്പിക്കാൻ സംസ്ഥാനത്ത് എൽ.ഡി.എഫ് - യു.ഡി.എഫ് ധാരണ നിലവിലുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇടനിലക്കാരൻ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെ അഴിമതി കേസുകൾ കാണിച്ചാണ് പിണറായി ബ്ലാക്ക് മെയിൽ ചെയ്യുന്നത്. കമറുദ്ദീന്റെയും കെ.എം. ഷാജിയുടെയും കേസുകളിൽ നിന്നും രക്ഷപ്പെടാൻ യു.ഡി.എഫിന് ഇടതുപക്ഷത്തിന്റെ സഹായവും ആവശ്യമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ എൻ.ഡി.എ ശക്തമായ ബദലായി മാറുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.