kodiyeri

തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിയാൻ ആഗ്രഹം തുറന്ന് പ്രകടിപ്പിച്ച കോടിയേരി ബാലകൃഷ്ണനോട് നേരത്തേ മുഖം തിരിച്ചുനിന്ന സി.പി.എം കേന്ദ്രനേതൃത്വം, ഇപ്പോഴത് സമ്മതിച്ചു കൊടുത്തത് പ്രായോഗിക യാഥാർത്ഥ്യങ്ങളോട് ഏറ്റുമുട്ടേണ്ടെന്ന ചിന്ത കൊണ്ടുതന്നെയാണ്.

ആഴ്ചകൾ നീളുന്ന തുടർ ചികിത്സയിലേക്ക് കോടിയേരി പ്രവേശിച്ചുകഴിഞ്ഞു. വ്യക്തിപരമായി അനാരോഗ്യം കൂട്ടുന്ന വിവാദങ്ങൾ അപ്പോഴും അദ്ദേഹത്തെ പൊതിഞ്ഞുനിൽക്കുന്നു. മറുപടി എത്ര പറഞ്ഞാലും തീരാത്ത വിവാദമായി മകനെതിരായ കേസ് മുറുകുന്നതിൽ കോടിയേരിയിലെ പിതാവ് അസ്വസ്ഥനാണ്. ഒരുപക്ഷേ ,ഇടവേളയ്ക്ക് ശേഷം രോഗം വീണ്ടും രൂക്ഷമായി ആക്രമിക്കാനെത്തിയതും അതുകൊണ്ടായിരിക്കാമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, അതിനിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ്. രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഒരേയൊരു സർക്കാരിന് തുടർഭരണം സി.പി.എം ഏറെ ആഗ്രഹിക്കുന്നുണ്ട്. തന്റെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന വിവാദങ്ങൾക്കിടയിലും ആ പ്രതീക്ഷ മുഖ്യമന്ത്രി കൈവിടാതിരിക്കുന്നത് താനായിട്ട് കുറ്റം ചെയ്തില്ലെന്ന ആത്മവിശ്വാസത്താലാണ്. അതിനിടയിൽ, പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയർന്ന വിവാദം സൃഷ്ടിക്കുന്ന പ്രതിസന്ധി അദ്ദേഹവും ആഗ്രഹിക്കുന്നില്ല.

തിരഞ്ഞെടുപ്പ് കാലത്ത് കോടിയേരിയുടെ മകന്റെ വിഷയമെടുത്തിട്ട് പ്രതിപക്ഷം സി.പി.എമ്മിനെ കടന്നാക്രമിക്കുന്നതിന് തടയിടാൻ, കോടിയേരിയുടെ മാറിനിൽക്കലിലൂടെ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് സർക്കാരിനെ ബി.ജെ.പി കുരുക്കാൻ നോക്കുന്നുവെന്നാരോപിച്ചാണ് 16ന് ഇടതുമുന്നണിയുടെ ജനകീയ പ്രതിരോധം. ഇ.ഡിയുടെ നീക്കങ്ങളിൽ സംശയമുണർത്തുന്ന ചില സൂചനകൾ കോടതികളിൽ നിന്നടക്കമുണ്ടാകുന്നത് സി.പി.എമ്മിന് പിടിവള്ളിയാണ്. മുഖ്യമന്ത്രിയിലേക്ക് കുന്തമുന തിരിച്ചുവച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.

താൻ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് കൊണ്ടാണല്ലോ കുടുംബം വേട്ടയാടപ്പെടുന്നതെന്ന വേദന കോടിയേരി അടുപ്പക്കാരോടെല്ലാം പങ്കുവച്ചതായാണ് വിവരം. മാറി നിന്നാൽ വേട്ടയാടലിന്റെ തീവ്രത കുറയും. കഴിഞ്ഞ സംസ്ഥാനസമിതിയോഗത്തിന് മുമ്പേ കോടിയേരി മാറുമെന്ന അഭ്യൂഹങ്ങളുയർന്നതാണ്. കോടിയേരിയും താമസിച്ചിരുന്ന മകന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയതിന് തൊട്ടടുത്ത ദിവസമായിരുന്നു സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ. റെയ്ഡ് സൃഷ്ടിച്ച വിവാദങ്ങൾക്കിടയിൽ മകന്റേത് വ്യക്തിപരമായ കാര്യമെന്ന് പറഞ്ഞ് മാറിനിൽക്കുക വഴി, പാർട്ടിക്കതിൽ കാര്യമില്ലെന്ന് സ്ഥാപിക്കാൻ സി.പി.എമ്മിനും കോടിയേരിക്കുമായി. ആ ഘട്ടത്തിൽ അനാരോഗ്യം പറഞ്ഞൊഴിഞ്ഞാലത് ആരോപണങ്ങളെ ഭയന്നുള്ള മാറ്റമായി ചിത്രീകരിക്കപ്പെടും. മകന്റെ അച്ഛനായല്ല, പാർട്ടി സെക്രട്ടറിയായാണ് താൻ നിൽക്കുന്നതെന്നാണ് കോടിയേരി അന്ന് സംസ്ഥാനസമിതിക്ക് ശേഷം പറഞ്ഞത്.

അനാരോഗ്യം ചൂണ്ടിക്കാട്ടിയുള്ള ഈ പിന്മാറ്റം. പാർട്ടിക്കും കോടിയേരിക്കും ഒരുപോലെ തലവേദന ഒഴിവാക്കാനുതകുന്നതാണ് . പ്ലീനം കൈക്കൊണ്ട തെറ്റ്തിരുത്തൽ രേഖ നിലനിൽക്കുന്ന പാർട്ടിയിൽ, സെക്രട്ടറി നേരിടാനിടയുള്ള അസുഖകരമായ ചോദ്യങ്ങളെയുമകറ്റാം. മകന്റെ കേസുയർത്തി ഒറ്റതിരിഞ്ഞുള്ള ആക്രമണം നേരിടുമ്പോഴും, പാർട്ടി നേതൃത്വത്തിൽ നിന്ന് അകമഴിഞ്ഞ പിന്തുണ കിട്ടിയില്ലെന്ന മനോവിഷമവും കോടിയേരിക്കുണ്ടെന്ന് സംശയിക്കുന്നവരും കുറവല്ല.