തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഭൂരിഭാഗം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച ശേഷം പാർട്ടി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ പൂജപ്പുരയിൽ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചു. ബി.ജെ.പിയുടെ സിറ്രിംഗ് സീറ്രാണിത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഡൽഹിയിൽ കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയശേഷമാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജനപ്രീതിയുള്ള നേതാക്കളെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന സെക്രട്ടഠിയുമായിരുന്ന വി.വി. രാജേഷ് കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ നെടുമങ്ങാട് നിന്ന് മത്സരിച്ച് 35,000ലധികം വോട്ട് നേടിയിരുന്നു. 2011ൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും രാജേഷ് മത്സരിച്ചിരുന്നു. മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും എം.ജി കോളേജിൽ നിന്ന് പി.ജിയും കഴിഞ്ഞശേഷം ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടിയ വി.വി. രാജേഷ് കുറച്ചുകാലം തിരുവനന്തപുരം കോടതികളിൽ പ്രാക്ടീസ് ചെയ്‌തിരുന്നു. പഠന കാലത്ത് എ,ബി.വി.പി ജില്ലാ കൺവീനറും ദേശീയ സമിതി അംഗവുമായിരുന്നു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 34 സീറ്രാണ് നേടിയത്. പ്രമുഖരായ നേതാക്കൾ മത്സരരംഗത്ത് വരാതിരുന്നത് കൊണ്ടാണ് ബി.ജെ.പിക്ക് നഗരം പിടിക്കാൻ കഴിയാതിരുന്നതെന്ന വിമർശനം ഉയർന്നിരുന്നു.