തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുബായിൽ നിന്നെത്തിയ കുടുംബത്തിന്റെ പക്കൽ നിന്നും
2.3 കിലോ ഗ്രാം സ്വർണം പിടികൂടി. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ഇന്നലെ രാവിലെ എത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണത്തിന് 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. രണ്ട് ചതുരക്കട്ടകളാക്കി സൂക്ഷിച്ച സ്വർണം ബാഗിൽ നിന്നാണ് കണ്ടെത്തിയത്. ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ അനിൽ എസ്.ബി, സൂപ്രണ്ടുമാരായ പ്രകാശ് അലക്‌സ്, മോഹനചന്ദ്രൻ. കെ, ഉദയകുമാർ രാജ, സന്തോഷ് കുമാർ കെ.എസ്, ഇൻസ്‌പെക്ടർമാരായ അഭിലാഷ് കുമാർ, പ്രഭോദ്. എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.