തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിൽ തിങ്കളാഴ്ച ശിവശങ്കറെ ചോദ്യം ചെയ്യുന്ന കസ്റ്റംസ്, ബാങ്കുകളെ സമ്മർദ്ദത്തിലാക്കി 1.90 ലക്ഷം ഡോളർ (1.40 കോടി രൂപ) വിദേശത്തേക്ക് കടത്താൻ സ്വപ്നയ്ക്ക് ഒത്താശ ചെയ്തതിന് ശിവശങ്കറെ പ്രതിയാക്കും. സ്വപ്നയും സരിത്തും പ്രതികളായ കേസാണിത്.
ബാങ്ക് ഉദ്യോഗസ്ഥരിൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയാണ് പരിധിയിൽ കവിഞ്ഞ് ഡോളർ കൈമാറിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഡോളർ നൽകിയ ആക്സിസ് ബാങ്ക് മാനേജർ ശേഷാദ്രിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് കസ്റ്റംസ് നീക്കം. ബാങ്ക് ഉദ്യോഗസ്ഥരുടെ തെളിവുമൂല്യമുള്ള മൊഴികൾ നിർണായകമാണ്. യു.എ.ഇ കോൺസുലേറ്റിലെ രേഖകൾ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്രകളിലും സ്വപ്ന ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
ചോദ്യം ചെയ്യാൻ അനുമതി
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. ശിവശങ്കർ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടെത്താൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക ) കോടതി അനുമതി നൽകിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കാക്കനാട് ജില്ലാ ജയിലിൽവെച്ച് ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാം.
കുരുക്കുകൾ മുറുകുന്നു
ചട്ടപ്രകാരം 5,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസിയേ മാറ്റിയെടുക്കാനാവൂ. ശിവശങ്കറിന്റെ സമ്മർദ്ദത്തിൽ 1.40കോടി രൂപയാണ് സ്വപ്ന1.90 ലക്ഷം ഡോളറാക്കി മാറിയെടുത്തത്. കസ്റ്റംസ്ആക്ട് 113 പ്രകാരം ഗുരുതര കുറ്റമാണിത്.
ലൈഫ് പദ്ധതിയിൽ ശിവശങ്കറിന്റെ കമ്മിഷനാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇ.ഡി കണ്ടെത്തിയതോടെ ലൈഫ്കേസിൽ സി.ബി.ഐ അദ്ദേഹത്തെ പ്രതിയാക്കും. 99,900 രൂപ വിലയുള്ള ഐ ഫോൺ-11പ്രോ സ്വീകരിച്ചതും കോഴയാണെന്നാണ് സി.ബി.ഐ നിലപാട്.