തിരുവനന്തപുരം: ലൈഫ് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും. ഇതിന് അനുമതിക്കായി വിജിലൻസ് എറണാകുളം സെഷൻസ് കോടതിയെ സമീപിക്കും.
ഈ കേസിൽ ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്.
സ്വപ്നയുടെ ലോക്കറിലെ ഒരു കോടി രൂപ ലൈഫ് പദ്ധതിയിലെ കൈക്കൂലിയാണെന്നും ശിവശങ്കറിന് ഇടപാടുകളെല്ലാം അറിയാമായിരുന്നുവെന്നും വിജിലൻസും കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കൂടുതൽ ഫയലുകൾ ലൈഫ് മിഷൻ ഓഫിസിൽ നിന്ന് വിജിലൻസ് ശേഖരിച്ചിരുന്നു. സി.ഇ.ഒ യു.വി ജോസിന്റെ മൊഴി രണ്ടാമതും രേഖപ്പെടുത്തി.
2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ഓഗസ്റ്റ് രണ്ടിനാണ് 3.8 കോടി കോഴ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഖാലിദിന് കരാർ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയത്.ഈ തുക ശിവശങ്കറിനുള്ള കമ്മിഷനാണെന്ന കണ്ടെത്തലിൽ സ്ഥിരീകരണം തേടിയാണ് വിജിലൻസ് ചോദ്യംചെയ്യുക.
നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ചെന്ന് ശിവശങ്കറാണ് അറിയിച്ചതെന്നും അവസാന ഘട്ടത്തിലാണ് ഫയൽ തന്റെ കൈയിലെത്തിയതെന്നും ലൈഫ് മിഷൻ സിഇഒ ജോസ് വിജിലൻസിന് മൊഴിനൽകിയിരുന്നു. യൂണിടാകിന്റെ പ്ലാൻ വന്ന ശേഷമാണ് നിർമ്മാണ കരാർ അവർക്കാണെന്ന് താനറിഞ്ഞത്. സി.ഇ.ഒയായ തന്നെപ്പോലും കരാർ വിവരങ്ങൾ അറിയിച്ചില്ല. യൂണിടാകിനെ സഹായിക്കാൻ ആവശ്യപ്പെട്ട് ശിവശങ്കർ തന്നെ വിളിച്ചിരുന്നെന്നും ജോസ് മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം ശിവശങ്കറിന് കുരുക്കാണ്.