തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ അവധിചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ ആക്രമണം ശക്തമാക്കാൻ പ്രതിപക്ഷം. എം. ശിവശങ്കറിന്റെ ജാമ്യഹർജി ചൊവ്വാഴ്ച കോടതി തള്ളിയാൽ പ്രതിപക്ഷ വീര്യത്തിന് ശക്തി കൂടും. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പാർട്ടി കേൾക്കേണ്ടിവരുന്ന പഴി ഒഴിവാകാൻ കോടിയേരിയുടെ മാറിനിൽക്കൽ സഹായിക്കുമെന്ന് ആശ്വസിച്ചാലും, അതിന്റെ മറ പിടിച്ച് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുമ്പോൾ, സി.പി.എമ്മിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വരും .
തുടർചികിത്സയ്ക്കായാണ് കോടിയേരിയുടെ അവധിയെന്ന സി.പി.എം വാദം യു.ഡി.എഫ് അംഗീകരിക്കുന്നില്ല. മകനെതിരായ കേസിന്റെ പ്രത്യാഘാതമായുള്ള സ്ഥാനചലനമായി വ്യാഖ്യാനിച്ച് രാഷ്ട്രീയപ്രചാരണം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രതിപക്ഷത്തിന്റെ വിജയമായി അവർ വിലയിരുത്തുന്നു. സ്വർണ്ണക്കടത്ത്, ബിനീഷ് വിവാദങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയും സജീവമാക്കി നിറുത്താൻ കഴിഞ്ഞ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയും തീരുമാനിച്ചതാണ്.
ലീഗ് എം.എൽ.എമാരായഎം.സി. ഖമറുദ്ദീൻ, കെ.എം. ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ അന്വേഷണക്കുരുക്കിലകപ്പെട്ടത് സൃഷ്ടിച്ച പ്രതിസന്ധി ഈ തിരഞ്ഞെടുപ്പ് വേളയിൽ മറികടക്കാൻ കോടിയേരിയുടെ സ്ഥാനചലനം ആയുധമാക്കാമെന്ന് യു.ഡി.എഫ് കരുതുന്നു. ശിവശങ്കറിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് പുറമേ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ.ഡി അന്വേഷണം കേന്ദ്രീകരിക്കുന്നതും പ്രതിപക്ഷം ഉറ്റുനോക്കുകയാണ്. . ഇ.ഡിയുടെ എതിർ സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ മുഖ്യമന്ത്രിയിലേക്ക് വരെ വൈകാതെ അന്വേഷണമെത്തുമെന്ന് അവർ കണക്കുകൂട്ടുന്നു.
മറുഭാഗത്ത്, സർക്കാരാകട്ടെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ അന്വേഷണക്കുരുക്ക് മുറുക്കി അവരെ പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ്. കോൺഗ്രസ് എം.എൽ.എ എ.പി. അനിൽകുമാറിനെതിരെ സോളാർ കേസ് ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈകാതെ നീക്കങ്ങളുണ്ടായേക്കും. ബാർ കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവിനെതിരെയും അന്വേഷണ നീക്കം ശക്തമാക്കാനാണ് ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴേക്കും സ്വർണ്ണക്കടത്ത് കേസിന്റെ മറവിലുള്ള ഇ.ഡിയുടെ രാഷ്ട്രീയനാടകങ്ങളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയും ഇടതുകേന്ദ്രങ്ങളിലുണ്ട്.