vijayaraghavan

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ , സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങൾ ഇതിന് മുമ്പാരും ഒരുമിച്ച് വഹിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ടിനിപ്പുറം കണ്ണൂരുകാരല്ലാത്തയാൾ സംസ്ഥാന സെക്രട്ടറിയുമായിട്ടില്ല.

സി.പി.എമ്മിൽ യാദൃച്ഛികതകളുടെ സഖാവാണ് എ.വിജയരാഘവൻ. ആരും നിനച്ചിരിക്കാത്ത നേരത്ത് പദവികളിലേക്ക് കൈപിടിച്ചുയർത്തപ്പെട്ട നേതാവ്. മലപ്പുറം കുന്നുമ്മൽ ദേശത്ത് പാവപ്പെട്ട കുടുംബത്തിൽ പറങ്ങോടൻ- മാളുകുട്ടി ദമ്പതികളുടെ മകനായി ജനിച്ച് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്ന വിജയരാഘവൻ അപ്രതീക്ഷിതമായാണ് ഉയർന്നസ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടത്. അതും പ്രമുഖരായ നേതാക്കളെ മറികടന്ന്. എന്നിട്ടും ആർക്കും അദ്ദേഹത്തോട് ഇൗർഷ്യയില്ല. .

നേരത്തേ, കോടിയേരി ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ പാർട്ടി സെന്ററിൽ ഏകോപനം നിർവ്വഹിച്ചത് കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദനായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദൻ, മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ, പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, എം.എ ബേബി എന്നിവരിലൊരാളെ പരിഗണിക്കുമെന്നാണ് കരുതിയതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത് എ. വിജയരാഘവനെ. അക്കാര്യം പി.ബി യോഗം അംഗീകരിച്ചു. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി തന്നെ അവതരിപ്പിച്ചു.

നേരത്തെ ,അഞ്ചംഗ സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വിജയരാഘവൻ.പിന്നീട് കേന്ദ്രസെക്രട്ടേറിയറ്റ് നിറുത്തലാക്കിയപ്പോൾ കേന്ദ്ര കമ്മിറ്റിയംഗമായി. മലപ്പുറം ഗവ. ആർട്സ് കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് പാർട്ടിയിലെത്തിയത്. ബേക്കറിയിലും അഭിഭാഷകന്റെ സഹായിയായും ജോലിയെടുത്ത് പഠിച്ച് ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടി.പിന്നീട് കോഴിക്കോട് ഗവ.ലോ കോളേജിൽ പഠനം തുടർന്നപ്പോൾ സിൻഡിക്കേറ്റ് അംഗമായി. 1986 ൽ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി. 1993 വരെ ആ പദവിയിൽ തുടർന്നു.1989 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്തു.. പാർലമെന്റിന്റെ അഷ്വറൻസ് കമ്മിറ്റി ചെയർമാനായി. ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യൻപ്രതിനിധി സംഘത്തിലും അംഗമായി. 1991ൽ പാലക്കാട് നിന്ന് തോറ്റു. 98 ൽ രാജ്യസഭാംഗമായി. 2010 വരെ രാജ്യസഭയിൽ തുടർന്നു.

വർഷങ്ങളോളം അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിജയരാഘവൻ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രവർത്തനം മാറ്റിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴാണ്. പിണറായിയുടെയും കോടിയേരിയുടേയും വിശ്വസ്തനായ വിജയരാഘവൻ വൈക്കം വിശ്വന് ശേഷം ഇടതുമുന്നണികൺവീനറായതും ഇതേ കാരണത്താലാണ്. 1992 ൽ വി.എസ്. അച്യുതാനാന്ദൻ പാർട്ടി സെക്രട്ടറിയായതിന് ശേഷം, ആ പദവിയിലേക്ക് കണ്ണൂരിന് പുറത്ത് നിന്നൊരാളെത്തിയിട്ടില്ല.ചടയൻ ഗോവിന്ദൻ,പിണറായി,കോടിയേരി എന്നിവർക്ക് ശേഷം വിജയരാഘവൻ താൽക്കാലികമായെങ്കിലും എത്തുന്നത് പാർട്ടിയോടും നേതൃത്വത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറിന്റെ സാക്ഷ്യപത്രത്തിലാണ്. തൃശൂർ കേരള വർമ കോളേജിലെ വൈസ് പ്രിൻസിപ്പൽ ആർ. ബിന്ദു ഭാര്യ. നിയമ വിദ്യാർത്ഥി ഹരികൃഷ്ണൻ മകൻ.

'സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങൾ വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് ചെയ്തത്. ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്".

-എ. വിജയരാഘവൻ