s

തിരുവനന്തപുരം : കൊവിഡ് കാരണം തകർന്ന മാർബിൾ മേഖലയെ രക്ഷപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടറും മാർബിൾസ് അസോസിയേഷൻ അംഗവുമായ സി. വിഷ്ണുഭക്തൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ പത്തുമാസമായി കെട്ടിട നിർമ്മാണങ്ങൾ കാര്യമായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ കച്ചവടങ്ങൾ പകുതിയായി കുറയുകയും ചെയ്തു.

വരുമാനം കുറഞ്ഞതിനാൽ ന്യൂരാജസ്ഥാൻ മാർബിൾസിന്റെ സ്ഥാപനങ്ങളിൽ എണ്ണൂറോളം ജീവനക്കാരിൽ പകുതി ജീവനക്കാരെയും മാറ്റി നിറുത്തേണ്ടി വന്നു. ഇത് എല്ലാ സ്ഥാപനങ്ങളുടെയും അവസ്ഥയാണ്. ഇന്ത്യയിലെ പ്രമുഖ ടൈൽസ് കമ്പനികൾ അവരുടെ ഉത്പന്നങ്ങളുടെ വില ഇരുപത് ശതമാനം കുറച്ചത് കച്ചവടക്കാർക്ക് ആശ്വാസമായി.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ ആത്മനിർഭർ ഭാരത് മൂന്നിന്റെ ഭാഗമായ പ്രഖ്യാപനം കെട്ടിട നിർമ്മാണ മേഖലയെ സഹായിക്കുന്നതാണ്. അതോടൊപ്പം കെട്ടിടനിർമ്മാണ ഉത്പന്നങ്ങളും ഉപകരണങ്ങളും വിൽക്കുന്ന കച്ചവടക്കാരെ സഹായിക്കുന്ന പദ്ധതികൾ കൂടി പ്രഖ്യാപിക്കണം. ഇന്ത്യയിലെ ടൈൽ നിർമ്മാണ കമ്പനികളുടെ പ്രവർത്തനം താറുമാറായതുകാരണം കച്ചവടക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന ക്രെഡിറ്റ് സംവിധാനം നിറുത്തലാക്കി. ഇതോടെ സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായി. കച്ചവടക്കാർക്ക് അനുകൂലമായ നിലപാട് എടുക്കുന്നതിനായി ടൈൽസ് കമ്പനികളുമായി ചർച്ച നടത്താനും സർക്കാർ മുൻകൈയെടുക്കണം. നികുതി ഇളവുകളോടൊപ്പം ബാങ്ക് വായ്പയുടെ തിരിച്ചടവുകൾ ലളിതമാക്കാനും നടപടി വേണം. മാർബിൾ മേഖലയിൽ തൊഴിൽരഹിതരായ ജീവനക്കാരുടെ പുനരധിവാസത്തിനായുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്നും സി. വിഷ്ണുഭക്തൻ ആവശ്യപ്പെട്ടു.