കാസർകോട്: അക്രമിസംഘം മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് അടിച്ചു തകർത്ത കാറിന്റെ ഉള്ളിൽ നിന്നും 15,65,000 രൂപയുടെ കുഴൽപ്പണം ചന്തേര പൊലീസ് പിടികൂടി. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കാർ പരിശോധിച്ചപ്പോളാണ് ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ സൂക്ഷിച്ചു വച്ച നിലയിൽ പണം കണ്ടെത്തിയത്.
കാർ കണ്ണൂർ കൊളവല്ലൂർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുവത്തൂർ ഞാണങ്കൈ ദേശീയപാതയിലെ കയറ്റത്തിൽ വച്ചാണ് വ്യാഴാഴ്ച രാത്രി പിന്തുടർന്ന് വന്ന കാർ കുറുകെയിട്ടു കുഴൽപ്പണം കടത്തിയ കാറിന്റെ ഡ്രൈവർ സീറ്റിനടുത്ത ഗ്ലാസ് അടിച്ചു പൊട്ടിച്ചത്. ഡ്രൈവർ കാർ നിർത്തി ചെറുവത്തൂർ ഭാഗത്തേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമിസംഘം എത്തിയ വാഹനത്തിൽ വാളുകളും കത്തിയും ഉണ്ടായിരുന്നതായി ദൃക് സാക്ഷികൾ പറഞ്ഞു. അതുവഴി എത്തിയ ഒരാൾ വിവരമറിയിച്ചതനുസരിച്ച് ചന്തേര പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം വന്ന വാഹനത്തിൽ തന്നെ രക്ഷപ്പെട്ടിരുന്നു. ഗ്ലാസ് അടിച്ചു തകർത്ത കാർ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്.
കാർ സ്ഥിരമായി കടത്തിന് ഉപയോഗിക്കുന്നത്
ചന്തേര പൊലീസ് കുഴൽപ്പണവുമായി പിടിച്ചെടുത്ത കാർ സ്ഥിരമായി കള്ളക്കടത്തിന് ഉപയോഗിക്കുന്നതാണെന്ന് സൂചന. കാറിന്റെ ഡ്രൈവർ സീറ്റിന് അടിയിലെ രഹസ്യ അറയിൽ നിന്നാണ് പണം പിടിച്ചത്. ഇത് പ്രത്യേകം തയ്യാറാക്കിയതാണ്. പിറകിൽ യാത്രക്കാർ ഇരിക്കുന്ന ഭാഗത്തും ഡിക്കിയിലും രഹസ്യ അറയുണ്ടാക്കിയിട്ടുണ്ട്.